| Monday, 21st March 2022, 9:19 pm

വിനു വി. ജോണിനോട് എ.എ. റഹീം; അത്തരക്കാരെ നന്നാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല; ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് ശ്രദ്ധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്. തന്നെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഏഷ്യനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന്റെ അധിക്ഷേപ ട്വീറ്റില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീം.

അതിന് ഞാന്‍ മറുപടി പറയുന്നില്ലെന്നും കുശുമ്പും കുന്നായ്മയുടെയും പിറകെ നമ്മള്‍ പോകേണ്ട കാര്യമില്ലെന്നും റഹീം ഡൂള്‍ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കാലം മാറിയത് ചിലരൊന്നും അറിഞ്ഞിട്ടില്ല. സാമൂഹ്യ വിമര്‍ശനങ്ങളുടെ സ്വരം ഇന്ന് ഏകപക്ഷീയമല്ല. ഞങ്ങളാണ് സാമൂഹ്യ വിമര്‍ശകര്‍ എന്ന നിലയിലുള്ള അവസ്ഥ മാറി. ഇന്ന് പൊതുജനങ്ങളാണ് അത് നിയന്ത്രിക്കുന്നത്. ആ മാറ്റത്തെ മനസിലാക്കാത്തവരാണ് ഇത്തരം പ്രവര്‍ത്തിയുമായി നടക്കുന്നത്. അത്തരം ഇടപെടലുകള്‍ക്കുള്ള വിമര്‍ശനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നു എന്നത് വലിയ കാര്യമാണെന്നും റഹീം പറഞ്ഞു.

എന്നെ അതൊന്നും അലട്ടുന്നില്ല. അതൊക്കെ വ്യക്തിപരമായ പരിമിതിയുള്ളവരുടെ ഓരോ പ്രവര്‍ത്തിയാണ്. ഇത്തരക്കാരെ നമ്മള്‍ ചര്‍ച്ച ചെയ്തതുകൊണ്ട് നന്നാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതിലാണ് ഞാന്‍ ശ്രദ്ധിക്കുന്നതെന്നും റഹീം പറഞ്ഞു.

രാജ്യസാഭാ സ്ഥാര്‍ത്ഥത്വം നിയമനമായി കാണുന്നില്ലെന്നും പാര്‍ലമെന്റ് രാഷ്ട്രീയ പ്രവര്‍ത്തനവും പാര്‍ലമെന്റിതര രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കാണുന്നയാളാണ് താനെന്നും റഹീം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം പാര്‍ലമെന്റിലേക്കുള്ള പ്ലേസ്‌മെന്റാണെന്നുള്ള ധാരണ അടിമുടി മാറണമെന്നും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് സമരങ്ങളാണ് ഇന്ന് രാജ്യത്ത് ബി.ജെ.പിക്ക് ബദലായി വരേണ്ടതെന്നും റഹീം പറഞ്ഞു.

‘ബി.ജെ.പി മുന്നോട്ടുവെക്കുന്നത് ധ്രുവീകരണ രാഷ്ട്രീയമാണ്. അവിടെ, വിശപ്പിന് മതമില്ല, ദാരിദ്ര്യത്തിനും അസമത്വത്തിനും മതമില്ല എന്ന പൊളിറ്റിക്‌സ്, ആത്മഹത്യ ചെയ്ത കര്‍ഷകരെ മതപരമായി തരംതിരിക്കല്‍ സാധ്യമല്ലെന്ന പൊളിറ്റിക്സ്, അങ്ങനെ ദുരിതമനുഭവിക്കുന്നവരുടെ ഏകോപനമാണ് ഉയര്‍ന്നുവരേണ്ടത്.

അതിന്റെ ഭാഗമായുള്ള സമരങ്ങളാണ് സംഘപരിവാറിന്റെ ബദല്‍. കര്‍ഷക സമരം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ഇങ്ങനെയുള്ള സമരങ്ങളിലൂടെ രാഷ്ട്രീയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ് കക്ഷിരാഷ്ട്രീയം നോക്കി മാത്രം വര്‍ത്തമാനം പറഞ്ഞ് സമയം കളയുകയാണ്,’ എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.

Content Highlights: A.A. Rahim Replaying  Asianet News Coordinating Editor Vinu V John on  abusive tweet

We use cookies to give you the best possible experience. Learn more