| Monday, 5th October 2020, 8:38 am

സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ ജീവനോടെ ബാക്കിയായവര്‍ ശേഖരിക്കും; വിതരണം ഇന്നും മുടങ്ങില്ല: എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സനൂപ് പി.യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എ റഹീം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സി.പി.ഐ.എം നടത്തുന്ന പൊതിച്ചോറ് വിതരണത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു സനൂപെന്നും അത് മുടങ്ങില്ലെന്നും എ.എ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

‘താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍,അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബി.ജെ.പിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.
അല്പം മുന്‍പ് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും.’ എ.എ റഹീം ഫേസ്ബുക്കിലെഴുതി.

പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ഞായറാഴ്ച രാത്രിയാണ് കൊലപ്പെട്ടത്. 26 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുമ്പോഴായിരുന്നു സനൂപിനും മറ്റുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി.- ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. എട്ടോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വാളും കത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം എ.എസ്.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കള്‍. ചൊവ്വന്നൂര്‍
മേഖലാ ജോയിന്റ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ അരുംകൊല ചെയ്തു.ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും പ്രിയ സഖാവ് കര്‍മ്മ നിരതനായിരുന്നു.

താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍,അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.
അല്പം മുന്‍പ് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല.നിശ്ചയിച്ചത് പോലെ തന്നെ നടക്കും.

സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍, ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നല്‍കും.
പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും.

കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടിമരത്തില്‍ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. പക്ഷേ തല കുനിക്കില്ല ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും. കര്‍മ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നില്‍ കരുതലോടെ, വര്‍ഗീയതക്കെതിരായ സമരമായി, ഡി.വൈ.എഫ്.ഐ ഉണ്ടാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A A Rahim on CPIM Activist Sanoop P U’s murder

We use cookies to give you the best possible experience. Learn more