തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്നത് വലിയ ഗൂഢാലോചനയെന്ന് എ.എ. റഹീം എം.പി.
ഷാജ് കിരണുമായി ഏഷ്യാനെറ്റ് നടത്തിയ അഭിമുഖത്തിനിടയില്‍ അദ്ദേഹം ഒരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അപ്പോഴേക്കും ന്യൂസ് ഡെസ്‌കില്‍ നിന്ന് ഇടപെട്ട് മൈക്ക് ഓഫാക്കിയെന്നും എ.എ. റഹീം പറഞ്ഞു.
ആര്‍ക്ക് വേണ്ടിയാണ് ഏഷ്യാനെറ്റ് മൈക്ക് ഓഫ് ചെയ്തതെന്നും, പറഞ്ഞു വന്ന സത്യം എന്തിനാണ് പകുതിയില്‍ നിര്‍ത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് നടത്തിയ അഭിമുഖവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
താന്‍ ഇങ്ങോട്ട് വരുന്ന വഴിക്കും സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്ന് ഷാജ് കിരണ്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ലായെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നയ്ക്ക് ഇതൊന്നും അറിയില്ലെ എന്ന് ചോദിക്കുമ്പോഴേക്കും ന്യൂസ് ഡെസ്‌ക്കില്‍ നിന്ന് അവതാരകന്‍ ഇടപെടുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുക്കുന്നതിന് തൊട്ടുമുന്‍പുപോലും സ്വപ്ന തന്റെ വക്കീലുമായി സംസാരിച്ചിട്ടില്ല എന്നാണ് ഷാജ് കിരണ്‍ പറയുന്നതെന്നും ആരുടെയൊക്കെയോ തിരക്കഥയ്ക്ക് അനുസരിച്ചാണ് സ്വപ്ന നീങ്ങുന്നതെന്ന് ഇതില്‍ നിന്നും പകല്‍ പോലെ വ്യക്തമാവുകയാണെന്നും റഹീം ആരോപിച്ചു.
‘നല്ല പണം നല്‍കി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെ വിലക്കെടുത്ത് നടത്തുന്ന നാടകമാണിത്. വിലക്കെടുത്തവര്‍ എഴുതി കൊടുക്കുന്നത് പറയുക മാത്രമാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും ജോലി. ബി.ജെ.പി തയ്യാറാക്കിയ നാടകമാണ് നടക്കുന്നത്,’ റഹീം പറഞ്ഞു.
അതേസമയം മൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ പ്രേരിപ്പിച്ചതായും ഇന്നലെ ഉച്ചമുതല്‍ വൈകീട്ട് വരെ മാനസികമായി പീഡിപ്പിച്ചതായും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.