| Monday, 28th March 2022, 2:57 pm

സുപ്രീം കോടതി ഉത്തരവ്; കല്ല് പറിക്കല്‍ കോലീബി നാടക സംഘം പിരിഞ്ഞുപോകണം: എ.എ. റഹീം എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേയും കല്ലിടലും നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഹരജിയുമായി പോയ കോലീബി സഖ്യത്തിന് കനത്ത പ്രഹരമാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയതെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി.

സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരിലാണ് കെ റെയിലിനെതിരായ കോണ്‍ഗ്രസ് ലീഗ് ബി.ജെ.പി അവിശുദ്ധ സഖ്യം ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും അത് ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമപരമായി സര്‍വേ നടപടികളില്‍ ഒരു തെറ്റുമില്ലെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണെന്നും റഹീം പരിഹസിച്ചു.

‘നല്ല അടി മുഖമടച്ചു കിട്ടി. എന്തിനാണ് മുന്‍ധാരണ? സുപ്രീം കോടതി ചോദിച്ചു.
അത് തന്നെയാണ് ജനങ്ങള്‍ക്കും കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളോട് ചോദിക്കാനുള്ളത്.
ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റ് പ്രകാരമുള്ള അതിര്‍ത്തി നിശ്ചയിക്കാനുള്ള നടപടിയാണ്. അതിര്‍ത്തി നിശ്ചയിക്കാനാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത
പഠനം നടത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

ആ കല്ലുകളാണ് കോണ്‍ഗ്രസും ബി.ജെ.പിയും പിഴുതെറിയുന്നത്.എത്ര വലിയ അസംബന്ധമാണിത്.
സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമല്ലേ, എത്രപേരെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക എന്നൊക്കെ മനസിലാക്കാന്‍ സാധിക്കൂ,’ എ.എ. റഹീം പറഞ്ഞു.

അതിനു ശേഷം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പണവും, അതില്‍ പെട്ട അഭ്യസ്ത വിദ്യര്‍ക്ക് ജോലിയും ഉള്‍പ്പെടെ
പാക്കേജ് നല്‍കി അവരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തു മാത്രമാണ് അര്‍ധ അതിവേഗ റെയില്‍പാത നിര്‍മിക്കുക. ഇതിപ്പോള്‍ സാമൂഹികാഘാത പഠനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടില്‍ കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ബി.ജെ.പി സഖ്യം ശ്രമിക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.

വളരെ വേഗം ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യത പിണറായി സര്‍ക്കാരിന് ലഭിക്കും. ആ സ്വീകാര്യതയാണ് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഭയപ്പെടുത്തുന്നതെന്നും റഹീം വ്യക്തമാക്കി.

CONTENT HIGHLIGHTS:  A.A. Rahim MP says  The Kolebi alliance has been dealt a heavy blow by the Supreme Court today in  K Rail Petition  

Latest Stories

We use cookies to give you the best possible experience. Learn more