| Thursday, 4th May 2023, 12:32 pm

പ്രകോപനമില്ലാതെ കായികതാരങ്ങളെ കയ്യേറ്റം ചെയ്തത് സമരം തകര്‍ക്കാനുള്ള ഗൂഢാലോചന; ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കേന്ദ്രം കരുതേണ്ട: റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്തി കായിക താരങ്ങള്‍ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. താരങ്ങള്‍ക്ക് നേരെയുള്ള അക്രമികളില്‍ ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ അടക്കം ഉണ്ടെന്നുള്ള വാര്‍ത്ത അങ്ങേയറ്റം ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യാതൊരു പ്രകോപനവുമില്ലാതെയാണ് കായികതാരങ്ങളെ കയ്യേറ്റം ചെയ്തത്. സമരത്തെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന കായിക താരങ്ങള്‍ക്ക് നേരെയുള്ള ഏതൊരാക്രമവും ചെറുക്കേണ്ടതാണ്. ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതേണ്ട.

ഇന്ത്യയുടെ അഭിമാനപ്രതീകങ്ങളായ ഇവര്‍ നീതിക്കായി തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ അനുകൂലമായ സമീപനം സ്വീകരിക്കാന്‍ മോദി സര്‍ക്കാരോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല.
ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഉടന്‍ നടപടിയെടുത്ത് അറസ്റ്റ് ചെയ്ത് താരങ്ങള്‍ക്ക് നീതി ലഭ്യമാക്കണം,’ റഹീം പറഞ്ഞു.

ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ ഇന്നലെ അര്‍ധരാത്രിയാണ് പൊലീസിന്റെ അക്രമം ഉണ്ടായത്. ഗുസ്തി താരങ്ങള്‍ക്ക് കിടക്കകളുമായി എത്തിയ ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ രണ്ട് സമരക്കാര്‍ ആശുപത്രിയിലാണ്.

12ാമത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കിടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെയായിരുന്നു കിടക്കകളുമായി ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദയിലെത്തിയിത്. ഇതാണ് അര്‍ധരാത്രി പൊലീസ് തടഞ്ഞത്.

Content Highlight: A.A. Rahim M.P said that last night’s violence against the wrestlers who were peacefully protesting at Jantar Mantar was highly objectionable

Latest Stories

We use cookies to give you the best possible experience. Learn more