| Wednesday, 4th August 2021, 5:54 pm

സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊള്ളസംഘമാണ് മുസ്‌ലീം ലീഗ്; ഇരവാദം ഉയര്‍ത്തി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്ന് എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

‘ഒരു സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗെന്ന് എ.എ റഹീം പറഞ്ഞു. ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം മതത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി ഇരവാദം ഉയര്‍ത്തിയാണ് രക്ഷപ്പെടുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാണക്കാട് തങ്ങളെ വേട്ടയാടുന്നു’എന്ന ഇരവാദം ഉയര്‍ത്തിയാണ് തന്റെ നേര്‍ക്കുയര്‍ന്ന ഗുരുതരമായ ആരോപണത്തെ ശ്രീ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്. ഒരു വിഭാഗം ഇസ്‌ലാം മത വിശ്വാസികള്‍ക്കിടയില്‍ ഏറെ ആദരവോടെ കാണുന്ന തങ്ങള്‍ കുടുംബത്തെ മുന്‍ നിര്‍ത്തി എതിരാളികളുടെ വായടപ്പിക്കാന്‍ നടത്തുന്ന സൈക്കോളജിക്കല്‍ മൂവ്,’ റഹീം ഫേസ്ബുക്കിലെഴുതി.

കെ.ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വളരെ പ്രസക്തമാണെന്നും ചന്ദ്രിക ദിനപത്രത്തില്‍ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാന്‍ പ്രയാസപ്പെടുന്ന ലീഗ്, ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികള്‍ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ട്, എന്ന് കൂടി മറുപടി പറയാന്‍ തയ്യാറാകണമെന്നും റഹീം പറഞ്ഞു. സംസ്ഥാനത്തെ പൊതുഖജനാവ് മാത്രമല്ല, സ്വന്തം ചന്ദ്രികയെയും കൊള്ളയടിക്കുന്നവരാണ് ലീഗ് നേതൃത്വമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.

‘ഐസ്‌ക്രീം പാര്‍ലറിലെ പെണ്‍വാണിഭം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, ഖത്വയിലെ ഉള്‍പ്പെടെ ഇരകള്‍ക്കായി പിരിച്ച പണം തിരിമറി നടത്തിയത്,മുതല്‍ മാറാട് കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധം വരെ,എത്ര വലിയ ആരോപണങ്ങള്‍ എന്നൊക്കെ ഉയര്‍ന്നാലും, മുസ്‌ലീം വേട്ടയെന്ന ഇരവാദം വച്ച് ലീഗ് പ്രതിരോധം തീര്‍ക്കും. അത് നേതാക്കള്‍നേരിട്ട് പറയുന്നത് മാത്രമല്ല,സാമൂഹ്യ മാധ്യമങ്ങളില്‍ വിഷലിപ്തമായ വംശീയ ഇരവാദം അവര്‍ പ്രസരിപ്പിക്കും. ലീഗ് ചെയ്യുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കാള്‍ അപകടകരമാണ് ഇരവാദത്തിന്റെ ഭാഗമായി ലീഗ് സൃഷ്ടിക്കുന്ന സാമുദായിക സ്പര്‍ദ്ധ,’ റഹീം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കെതിരെ ഇ.ഡി നോട്ടീസ് അയച്ചത്.

ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് നോട്ടീസ് കൈമാറിയത്.

നേരത്തെ എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍ രംഗത്തെത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും കെ.ടി. ജലീല്‍ പറഞ്ഞു.

ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും ജലീല്‍ ആരോപണമുയര്‍ത്തി.

എ.ആര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് പറഞ്ഞുകൊണ്ട് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭയില്‍ പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. സംഭവത്തില്‍ പാണക്കാട് തങ്ങളെ ചതിക്കുഴിയില്‍ ചാടിച്ചതാണ് എന്നാണ് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിന്‍വലിച്ചത് എന്ന് പരിശോധിക്കണമെന്നും അതില്‍ അന്വേഷണം വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. എ.ആര്‍ നഗര്‍ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എ.ആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നത്. ഇവരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കണമെന്നായിരുന്നു ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

ഈ പട്ടികയിലെ ഒന്നാമത്തെ പേര് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതായിരുന്നു. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: A A Rahim facebook Post

We use cookies to give you the best possible experience. Learn more