| Friday, 5th May 2023, 8:59 pm

വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി തന്നെ വിദ്വേഷ സിനിമയെ പ്രകീര്‍ത്തിക്കുന്നു; കേരളത്തെ അപമാനിച്ച പ്രധാനമന്ത്രി മാപ്പ് പറയണം : എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദി കേരള സ്‌റ്റോറി സിനിമയെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പി. വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി തന്നെ വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന സിനിമക്ക് വേണ്ടി പരസ്യമായി രംഗത്തു വന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എ.എ. റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.

പ്രധാനമന്ത്രി തന്നെ ഈ വിദ്വേഷ സിനിമക്ക് വേണ്ടി രംഗത്ത് വന്നതോടെ ഈ സിനിമക്ക് പിന്നില്‍ ആരാണെന്ന് ഏവര്‍ക്കും മനസ്സിലായെന്ന് എ.എ.റഹീം പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രണമാണ് ഈ സിനിമ. മത സൗഹാര്‍ദ്ദത്തെ ചോദ്യം ചെയ്യുന്ന, വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുന്ന ഈ സിനിമക്ക് വേണ്ടി പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുപകയാണ്. ഇതോടെ വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് അദ്ദേഹം എത്രത്തോളം വില നല്‍കുന്നുണ്ട് എന്ന് വ്യക്തമായെന്നും എ.എ.റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി തന്നെ ഈ വിദ്വേഷ സിനിമയെ ന്യായീകരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഭരണഘടനാപരമായ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകള്‍ ആസ്ഥാനത്തിരുന്നു കൊണ്ട് പറയരുത് എന്ന് എ.എ. റഹീം പറഞ്ഞു.

നേരത്തെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി ഇപ്പോള്‍ മറ്റൊരു തരത്തില്‍ കേരളത്തെ അപമാനിക്കുകയാണ്. കേരളത്തിന്റെ യഥാര്‍ത്ഥി ചിത്രം ഇതല്ലെന്ന ബോധ്യമുണ്ടായിട്ടും കേരള സ്‌റ്റോറിയെന്ന വിദ്വേഷ സിനിമയെ മുന്‍നിര്‍ത്തി കേരളത്തെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി കേരളത്തോട് മാപ്പ് പറയണമെന്നും എ.എ. റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരള സ്റ്റോറി തീവ്രവാദത്തെ തുറന്നു കാണിക്കുന്ന സിനിമയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് അദ്ദേഹം കേരള സ്‌റ്റോറിയെന്ന വിദ്വേഷ സിനിമയെ പരസ്യമായി പ്രകീര്‍ത്തിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

content highlights: A. A. Rahim criticized the Prime Minister who glorified the Kerala story

We use cookies to give you the best possible experience. Learn more