| Tuesday, 2nd March 2021, 10:21 am

'പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല'; കളമശ്ശേരിയില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയെന്ന് എ. എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരിയില്‍ സ്ഥാനാര്‍ത്തിയാകുമെന്ന പ്രചരണങ്ങളെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടുവെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നാണ് റഹീം പ്രതികരിച്ചത്. 24 ന്യൂസിനോടായിരുന്നു റഹീമിന്റെ പ്രതികരണം.

സീറ്റ് ചോദിച്ചുവാങ്ങുന്ന ചരിത്രം ഡി.വൈ.എഫ്.ഐക്കില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം ഡി.വൈ.എഫ്.ഐ മുന്നോട്ട് വെക്കില്ലെന്നും റഹീം പറഞ്ഞു.

ഡി.വൈ.എഫ്.ഐ യുടെ അജണ്ട സീറ്റ് അല്ലെന്നും സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും റഹീം പറഞ്ഞു.

തുടര്‍ഭരണമുണ്ടാകണമെന്നാണ് കേരളത്തിലെ യുവതീ യുവാക്കള്‍ ആഗ്രഹിക്കുന്നതെന്നും റഹീം പറഞ്ഞു.

ലീഗ് എം.എല്‍.എ വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശ്ശേരി തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനെയും എ. എ റഹീമിനെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു റഹീം.

കളമശ്ശേരിയില്‍ ഇത്തവണയും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കളമശ്ശേരി തിരിച്ച് പിടിക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A A Rahim clarifies that he will not contest in Kalamassery

We use cookies to give you the best possible experience. Learn more