| Friday, 9th October 2020, 10:28 am

'സംഘ തലവന്‍ പി. ടി തോമസ്, ഗുരുതര ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്തു'; എം.എല്‍.എ രാജി വെച്ചൊഴിയണമെന്ന് എ. എ റഹിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഹിമിന്റെ പ്രസ്താവന.

ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരമെന്നും റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എം.എല്‍.എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എം.എല്‍.എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എം.എല്‍.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം,’ റഹിം ആരോപിച്ചു.

കള്ളപ്പണ സംഘവുമായി എം.എല്‍.എയ്ക്കുള്ള ബന്ധം എന്താണെന്നും ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ അതോ ഇടനിലക്കാരനാണോ എന്നും റഹിം ചോദിച്ചു. മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്നും എ. എ റഹിം ചോദിച്ചു.

കള്ളപ്പണം പിടിച്ചെടുത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടി രക്ഷപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന എം.എല്‍.എ താനായിരുന്നെന്നും എന്നാല്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞിരുന്നു.

മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായാണ് സ്ഥലത്ത് പോയത്. എന്നാല്‍ അവിടെ നിന്നും മടങ്ങുന്ന വഴി ചിലര്‍ പോകുന്നത് കണ്ടിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത് എന്നും പി.ടി തോമസ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പണമിടപാട് നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടി രക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്താണ് സംഭവം നടന്നത്. ഇടപാടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ എം.എല്‍.എ മറ്റൊരു വഴിയിലൂടെ ഇറങ്ങി ഓടി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത. താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി. ടി തോമസ് എം.എല്‍.എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും
എം.എല്‍.എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എം.എല്‍.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎല്‍എയ്ക്കുള്ള ബന്ധം എന്താണ്?ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?
സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.
ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്
ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A A Rahim asks for the resignation of P T Thomas MLA who allegedly involved in black money case

We use cookies to give you the best possible experience. Learn more