Kerala
കള്ളവോട്ടിനായി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഹാക്കര്‍മാരെ ഉപയോഗിച്ചു: നടന്നത് ഗുരുതര അട്ടിമറി: എ.എ റഹീം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ ഹാക്കര്‍മാരെ ഉപയോഗിച്ചിട്ടുണ്ടെന്ന് എ.എ റഹിം എം.പി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രൊഫഷണല്‍ ഹാക്കറെ ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റൊരു കേസ് ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.എ റഹീം ആരോപിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന് വിഷയത്തില്‍ പങ്കുണ്ടെന്നും കനഗോലുവിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിതെന്നും കേരളത്തില്‍ അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും എ.എ റഹീം പറഞ്ഞു.
‘ഇത് അതീവ ഗുരുതരമായ ഒരു പ്രശ്‌നമാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കും എന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. ഇതിന് മുന്‍പ് ഈ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട് വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇത് ഗൗരവസ്വഭാവത്തോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കണം. കേരളത്തില്‍ വരാനിരിക്കുന്ന 2024 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് അട്ടിമറി പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് ആണോ നടന്നത് എന്നത് സംബന്ധിച്ച് അന്വേഷണം വേണം.
ഇതിന് പിന്നില്‍ സുനില്‍ കനഗോലു എത്രമാത്രം ബന്ധപ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ച് പരിശോധന നടത്തണം. അന്വേഷണം ഉണ്ടാകണം. ഇക്കാര്യം ഇന്നലെ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി കൊടുത്ത പരാതിയില്‍ പറഞ്ഞിട്ടുണ്ട്,’ റഹീം വ്യക്തമാക്കി.
സമീപകാലത്തൊന്നും നമ്മള്‍ കേട്ടിട്ടില്ലാത്ത സംഘടിതമായ ക്രൈമാണ് നടന്നിട്ടുള്ളത്. ഇതില്‍ നടന്ന ഒരു മാനിപ്പുലേഷന്‍ എന്നത് ഇലക്ട്രല്‍ ഐ.ഡി കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്നതാണ്. ഇതിന് പുറമെ മറ്റൊരു ക്രൈം കൂടി നടന്നു. ടെക്‌നിക്കല്‍ ക്രൈമാണ് അത്.
വോട്ട് അനുകൂലമാക്കാന്‍ ഹാക്കര്‍മാരെ ഇതേ സംഘം ഉപയോഗിച്ചിട്ടുണ്ട്. അവരുടെ സഹായം പ്രയോജനപ്പെടുത്തിയത് സിസ്റ്റത്തെ ഹാക്ക് ചെയ്ത് അവര്‍ക്കനുകൂലമായ കള്ളവോട്ടുകള്‍ ചെയ്യാന്‍ വേണ്ടിയിട്ടാണ്. അത് ചെയ്തിട്ടുമുണ്ട്.
ഇതില്‍ മനസിലാക്കാന്‍ കഴിഞ്ഞ മറ്റൊരു കാര്യം നേരത്തെ ദല്‍ഹി കേന്ദ്രീകരിച്ച് ഒരു അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസുണ്ട്. അതില്‍ രാജ്യത്തെ അതീവ സെക്യൂരിറ്റി സിസ്റ്റമുള്ള ഒരു ധനകാര്യ സ്ഥാപനത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ കവര്‍ന്ന ഒരു കേസുണ്ട്. അതില്‍ ദല്‍ഹിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അത് അധികമാര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ഒരു സിസ്റ്റമാണെന്ന് ഓര്‍മിക്കണം. ആ സിസ്റ്റത്തെ വളരെ സമര്‍ത്ഥമായി ഹാക്ക് ചെയ്ത ഒരു ഹാക്കറെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. അദ്ദേഹം മലപ്പുറം സ്വദേശിയാണ്. അയാളുടെ സേവനം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സിസ്റ്റത്തെ ഹാക്ക് ചെയ്യാന്‍ ഉപയോഗപ്പെടുത്തിട്ടുണ്ട്. അയാള്‍ സേവനം ചെയ്തുകൊടുത്തിട്ടുമുണ്ട്. അതിനായി അയാള്‍ക്ക് പണവും കൊടുത്തിട്ടുണ്ട്.
അതായത്, ഞാനറിയാത എന്റെ വോട്ട് ചെയ്യുക, അല്ലെങ്കില്‍ സിസ്റ്റത്തെ ഹാക്ക് ചെയ്ത് ആ വോട്ടുകള്‍ അനുകൂലമാക്കുക. ഇതിന് ചുക്കാന്‍ പിടിച്ചയാള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോള്‍ ബെംഗളൂരു കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നു. ഇയാള്‍ വഴിയാണ് ഹാക്കറിലേക്ക് എത്തിയത്,’ എ.എ റഹീം പറഞ്ഞു.
നിലവില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് എ.എ റഹീം. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഹീം വ്യക്തമാക്കി.
ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കാന്‍ കഴിയും. ഇതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കഴിഞ്ഞേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതി പൊലീസ് മേധാവി എ.ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി തയ്യാറാക്കിയതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതിന്റെ തെളിവായി പരാതിക്കാര്‍ എ.ഐ.സി.സിക്ക് കൈമാറിയ മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പുറത്തുവന്നിരുന്നു.
Content Highlight: A.A Rahim about hackers were used in youth congress election