കൊച്ചി: എസ്.എഫ്.ഐ ക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം. തന്റെ പദവിക്ക് അനുയോജിച്ചാണോ സി.പി.ഐ സംസ്ഥാന സെക്രട്ടറി പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പരിശോധിക്കണമെന്നും എ.എ. റഹീം പറഞ്ഞു.
പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും, തിരുത്തിയില്ലെങ്കിൽ മുന്നണിക്ക് തന്നെ ബാധ്യത ആകുമെന്നായിരുന്നു ബിനോയ് വിശ്വത്തിൻറെ വിമർശനം.
കാര്യവട്ടം, കൊയിലാണ്ടി കോളേജുകളിലെ അതിക്രമത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. ഇതിനെതിരെയാണ് എ.എ റഹീമിന്റെ മറുപടി.
‘അദ്ദേഹം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ എന്നത് പരിശോധിക്കേണ്ടതാണ്. പറയുന്നതിലെന്തെങ്കിലും വസ്തുത വേണം. വ്യത്യസ്‍ത അഭിപ്രായങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ കൂടുതൽ ശക്തമായ പ്രതികരണത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. കാരണം,ഇത് ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ പ്രാധാന്യം ഉള്ള കാലഘട്ടമാണ്.
അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതിലേക്കോ അത് വർത്തയാക്കാനോ ഞങ്ങൾ ശ്രമിക്കുന്നില്ല. അത് ഇടതുപക്ഷ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തും. ജനം ആഗ്രഹിക്കുന്നത് ഏറ്റുമുട്ടലിന്റെ രീതിയല്ല ശക്തമായ ഇടതുപക്ഷനിര രാജ്യത്ത് ഉയർന്നു വരുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത,’ റഹീം പറഞ്ഞു.
പറയുന്നത് ക്രിയാത്മകവും വസ്തുതാപരവും ആയിരിക്കണമെന്നും റഹീം പറഞ്ഞു. ഏത് പ്രശ്‌നം വന്നാലും അതിനെ വളരെ സീരിയസ് ആയി നോക്കി കാണുകയും തുറന്ന മനസോടെ ചർച്ച ചെയ്യുകയും ചെയ്യുന്ന പാർട്ടിയാണ് ഇടതു പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ സാഹചര്യത്തിൽ ഒരു വാക് യുദ്ധത്തിലേക്ക് പോകുന്നതിലേക്ക് ഈ സാഹചര്യത്തെ തള്ളിവിടുന്നില്ലെന്നും അതിന്റെ പുറത്തു മറ്റൊരു പ്രശ്‌നം ഉണ്ടാക്കാൻ ഡി.വൈ.എഫ്.ഐ ആഗ്രഹിക്കുന്നില്ലെന്നും എ.എ. റഹീം വ്യക്തമാക്കി.
Content Highlight: A.A Raheem talk about the statement of c.p.i state secretary Binoy viswam