'കള്ളനല്ലാത്ത, നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ എല്ലാക്കാലവും അയാളെ വേട്ടയാടും, ഡിജിറ്റല്‍ കാലമാണിത്': എ.എ. റഹീം
Kerala News
'കള്ളനല്ലാത്ത, നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ എല്ലാക്കാലവും അയാളെ വേട്ടയാടും, ഡിജിറ്റല്‍ കാലമാണിത്': എ.എ. റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2023, 4:16 pm

തിരുവനന്തപുരം: ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം എം.പി എ.എ. റഹീം. മാധ്യമപ്രവര്‍ത്തകയുടെ അവകാശത്തെ കുറിച്ച് വാദിക്കുന്നവര്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും റഹീം ചോദിച്ചു.

ഭരണഘടന ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ടെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കെ.എസ്.യുവിന്റെ ആരോപണം അതേപോലെ കാണിച്ചതല്ലാതെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മറ്റൊന്നും ചെയ്തില്ലെന്നാണ് പ്രധാന വാദം.

കെ.എസ്.യുക്കാര്‍ വിളിച്ചുപറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കില്‍ അപ്പോള്‍ തന്നെ ആരോപണം തെറ്റാണെന്നു ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. അതുകൊണ്ടും തീരില്ല.
കെ.എസ്.യുക്കാര്‍ കാണിച്ച രേഖ വ്യാജമെങ്കില്‍ അത് ജനങ്ങളോട് പറയാനും ബാധ്യതയില്ലേ?

 

ആര്‍ഷോ ഏത് വര്‍ഷമാണ് പഠിക്കുന്നതെന്ന് അറിയാന്‍ ക്യാമ്പസിലെ നാലാളുകളോട് വെറുതെ തിരക്കിയാല്‍ മതിയായിരുന്നു. ആര്‍ഷോ പഠിക്കാത്ത കോഴ്‌സിന് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കില്ല എന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഇങ്ങനെ വളരെ ലളിതമായി മനസിലാക്കാന്‍ കഴിയുന്ന കാര്യത്തില്‍ ഏകപക്ഷീയമായി ആര്‍ഷോയ്ക്കെതിരായ വാര്‍ത്തകള്‍ നല്‍കിയത് നിഷ്‌കളങ്ക മാധ്യമപ്രവര്‍ത്തനമല്ല.

ഇത് ഡിജിറ്റല്‍ കാലമാണ്. ഒരു തവണ സ്‌ക്രീനില്‍ നിറയുന്ന വാര്‍ത്താ കാര്‍ഡുകള്‍ അത് തെറ്റെന്ന് തെളിഞ്ഞു പിന്‍വലിച്ചാലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ വീണ്ടും വീണ്ടും ഫോര്‍വേഡ് ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും. കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ എല്ലാക്കാലവും അയാളെ വേട്ടയാടും. അതുകൊണ്ട് ലളിതമായ ഇരവാദം ഉയര്‍ത്തി ചെയ്ത വലിയ തെറ്റില്‍ നിന്നും രക്ഷപ്പെടാനാകില്ല,’ റഹീം പറഞ്ഞു.

അതേസമയം, മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അത് പ്രകാരം ഒന്നാം പ്രതി ഡിപ്പാര്‍ട്മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും രണ്ടാം പ്രതി പ്രിന്‍സിപ്പാളുമാണ്. ഇതിലാണ് അഞ്ചാം പ്രതിയായി അഖിലയെ ചേര്‍ത്തിരിക്കുന്നത്.