പ്രാര്‍ഥനകള്‍ ഫലിച്ചില്ല ഒടുവില്‍ ടികിരി മരണപ്പെട്ടു; ബുദ്ധക്ഷേത്രത്തിലെ ആനയുടെ കഥ ഇങ്ങനെ
World News
പ്രാര്‍ഥനകള്‍ ഫലിച്ചില്ല ഒടുവില്‍ ടികിരി മരണപ്പെട്ടു; ബുദ്ധക്ഷേത്രത്തിലെ ആനയുടെ കഥ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 11:35 am

 

ലോകത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ടികിരി എന്ന ആന വിടപറഞ്ഞു. ആരോഗ്യപരിരക്ഷ നല്‍കിവരികയായിരുന്ന ആന മരണപ്പെട്ടതായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ അംഗം സമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
‘ ടികിരിയുടെ വേദന അവസാനിച്ചിരിക്കുന്നു. അവളുടെ ആത്മാവ് സ്വതന്ത്രമായിരിക്കുന്നു. ഒരു വേദനയും അവളെ തേടി വരില്ല എന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്.

ആരോഗ്യനില വഷളായ 70 വയസുള്ള ആനയെ പ്രഥമ ശുശ്രൂഷകള്‍ നല്‍കാതെ ശ്രീലങ്കയിലെ ബുദ്ധക്ഷേത്രത്തില്‍ വര്‍ഷം തോറുമുള്ള പെരഹാര ഉത്സവത്തിന് ഉപയോഗിച്ചു വരികയായിരുന്നു. ഭക്ഷണം കഴിക്കാതെ എല്ലും തോലുമായ ആനയുടെ ശരീരം കാണാതിരിക്കാന്‍ പട്ടുവസ്ത്രങ്ങള്‍ ദേഹത്തു പുതപ്പിച്ചായിരുന്നു എഴുന്നള്ളിപ്പ് . അതിനാല്‍ ആരും ആനയുടെ യഥാര്‍ഥരൂപം കണ്ടില്ല.

എന്നാല്‍ ആഗ്സറ്റില്‍ നടന്ന എഴുന്നള്ളിപ്പിന്റെ ചിത്രങ്ങളും ടികിരിയുടെ മോശം സ്ഥിതി വെളിവാക്കുന്ന ചിത്രങ്ങളും എസ്. ഇ.എഫ് എന്ന മൃഗസംരക്ഷണ സംഘടന സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് ടികിരിയുടെ പരിതസ്ഥിതി ലോകം ചര്‍ച്ചചെയ്യുന്നത്. ശ്രീലങ്കന്‍ ടൂറിസ്റ്റ മന്ത്രി ആനയെ ക്ഷേത്രത്തില്‍ നിന്നും മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ഒരു മാസത്തോളമായി ആരോഗ്യപരിചരണം നല്‍കി വരുന്ന ടികിരിയുടെ വിയോഗത്തില്‍ ഏറെ ദുഖിതരായിരിക്കുകയാണ് മൃഗസ്നേഹികള്‍.

60 ഓളം ആനകള്‍ ഉള്ള ബുദ്ധ ക്ഷേത്രത്തില്‍ മിക്ക ആനകള്‍ക്കും ഇത്തരത്തില്‍ പരിചരണം ലഭിക്കുന്നില്ലെന്നാന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.