Kerala News
മദ്യപാനം ചോദ്യം ചെയ്തു; കണ്ണൂരില്‍ അറുപത്കാരനെ യുവാവ് വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 26, 03:41 am
Friday, 26th March 2021, 9:11 am

കണ്ണൂര്‍: മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിന് അയല്‍വാസിയായ അറുപത്കാരനെ യുവാവ് വെടിവെച്ച് കൊന്നു. ബേബി എന്ന് വിളിക്കുന്ന കൊങ്ങോലില്‍ സെബാസ്റ്റ്യനെയാണ് അയല്‍വാസി ടോമി കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച കണ്ണൂര്‍ ചെറുപുഴയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ നിന്ന് ബഹളം വെച്ച ടോമിയോട് സെബാസ്റ്റ്യന്‍ സംസാരിക്കാന്‍ ചെന്നിരുന്നു. എന്നാല്‍ പിന്നീട് സംസാരം വാക്കുതര്‍ക്കമായി മാറുകയായിരുന്നു.

തെട്ടുപിന്നാലെ വീടിന് അകത്തേക്ക് പോയ ടോമി നാടന്‍ തോക്ക് എടുത്ത് സെബാസ്റ്റ്യനെ വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചെറുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതി ടോമി ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ ടോമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തിയായ കാനം വയലില്‍ കൃഷി ചെയ്ത് ജീവിക്കുന്ന ആളുകളാണ് ടോമിയും സെബാസ്റ്റ്യനും.

തളിപ്പറമ്പ് ഡി.വൈ.എസ്.പി ഉള്‍പ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. ചെറുപുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: A 60-year-old man was shot dead by a youth in Kannur