സ്വന്തം സ്ഥാപനത്തിനുള്ളില്‍വെച്ച് നിസ്‌കരിച്ചു; യു.പിയില്‍ 42കാരന്‍ അറസ്റ്റില്‍
national news
സ്വന്തം സ്ഥാപനത്തിനുള്ളില്‍വെച്ച് നിസ്‌കരിച്ചു; യു.പിയില്‍ 42കാരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 4:51 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ജമാഅത്ത് നിസ്‌കാരം (കൂട്ട പ്രാര്‍ഥന, ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നമസ്‌ക്കരിക്കുക) നടത്തിയതിന് കേസെടുത്ത് യു.പി പൊലീസ്. കേസില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ കോച്ചിങ് സെന്റര്‍ നടത്തുന്ന 42കാരനായ ഷൗക്കത്ത് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഗാസിയാബാദിലെ ദീപക് വിഹാറില്‍ വെച്ചാണ് ഷൗക്കത്ത് അലിയെ കസ്റ്റഡിയിലെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 153 എ, 505 പ്രകാരമാണ് ഇയാള്‍ക്കെതികരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി ഖോഡയിലെ ദീപക് വിഹാര്‍ എന്ന സ്ഥലത്താണ് ‘ഫ്യൂച്ചര്‍ ട്രാക്ക്’ എന്ന പേരില്‍ ഷൗക്കത്ത് അലി കോച്ചിങ് സെന്റര്‍ നടത്തുന്നത്. ഇതരമതസ്ഥരായ പ്രദേശവാസികളാണ് വിഷയത്തില്‍ പരാതി നല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

‘കോച്ചിങ് സെന്ററിലെ മതപരമായ പ്രവര്‍ത്തനങ്ങളെ പ്രദേശവാസികള്‍ എതിര്‍ക്കുകയും തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഈ സ്ഥാപനം
പ്രാര്‍ത്ഥനകള്‍ക്കായി നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്.

 

വിവിധ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കോച്ചിങ് സെന്ററില്‍ പഠിക്കുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും മറ്റ് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും കോച്ചിങ് സെന്ററുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല,’ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അതേസമയം, വിഷയത്തില്‍ യു.പി പൊലീസിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്ത്യയിലെ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും കുറ്റമായി മാറിയിരിക്കുന്നുവെന്ന് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ ട്വീറ്റിലൂടെ വിമര്‍ശിച്ചു.