| Sunday, 20th October 2024, 9:45 pm

അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കി; യു.പിയില്‍ ദളിത് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 16 കാരനായ ദളിത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ 16 കാരനെ കൂട്ടമായി ആക്രമിച്ചുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

യു.പിയില്‍ ദിനംപ്രതി ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

സെപ്റ്റംബറില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുയും ചെയ്ത കേസില്‍ രണ്ട് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തസീന്‍, ഷാലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് സിഖേദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

യു.പിയിലെ ബന്ദ ജില്ലയിലെ ഒരു കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവതി മര്‍ദനം നേരിട്ടിരുന്നു. യുവതിയെ ജാതീയമായി അധിക്ഷേപിച്ച ഉയര്‍ന്ന ജാതിക്കാരനായ കര്‍ഷകനും മകനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി ജസ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രതികരിക്കുകയുണ്ടായി.

Content Highlight: A 16-year-old Dalit student was gang-attacked by students in Uttar Pradesh

We use cookies to give you the best possible experience. Learn more