| Monday, 21st August 2023, 4:09 pm

ദല്‍ഹിയില്‍ സുഹൃത്തിന്റെ മകളായ 14കാരിയെ നിരവധി തവണ പീഡിപ്പിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രമേദേയ് ഖാഖയെ അറസ്റ്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ ഉദ്യോഗസ്ഥന്റെ പങ്കാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സുഹൃത്തിന്റെ മകളായ അതിജീവിതയെ 2020 ഒക്ടോബര്‍ മുതല്‍ 2021 ജനുവരി വരെ ഖാഖ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 14 വയസുകാരിയായ അതിജീവിത ഗര്‍ഭിണിയാകുകയും ഖാഖയുടെ പങ്കാളി ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നുകള്‍ നല്‍കുകയുമായിരുന്നു.

എന്നാല്‍ ഖാഖയെ അറസ്റ്റ് ചെയ്യാത്തതാണ് ഈ കേസിന്റെ മോശം ഭാഗമെന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി ദല്‍ഹി പൊലീസിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി.

‘ഓഫീസര്‍ ചെയ്തത് ഹീന പ്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഈ സംഭവത്തില്‍ പങ്കുണ്ട്. സമൂഹത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. പെട്ടെന്ന് തന്നെ നടപടിയെടുക്കണം. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസിന് സാധിക്കാത്തതാണ് ഈ കേസിലെ മോശം കാര്യം. എല്ലാവര്‍ക്കും പെണ്‍മക്കളുണ്ട്. നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉദ്യോഗസ്ഥന് നല്‍കണം,’ എന്നാണ് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞത്.

അതേസമയം ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് 2020 ഒക്ടോബര്‍ മുതല്‍ അതിജീവിത പിതാവിന്റെ സുഹൃത്തായ ഖാഖയുടെ വീട്ടില്‍ താമസിച്ചത്. തുടര്‍ന്ന് 2021 ജനുവരി വരെ നിരവധി തവണ ഖാഖ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ താന്‍ ഗര്‍ഭിണിയായ വിവരം അതിജീവിത ഖാഖയുടെ പങ്കാളിയെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് നല്‍കുകയായിരുന്നു.

എന്നാല്‍ നിലവില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൗണ്‍സിലറോട് തനിക്കുണ്ടായ അബ്യൂസ് പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തെ തുടര്‍ന്ന് 2021 ജനുവരി മുതല്‍ പെണ്‍കുട്ടി തിരികെ മാതാവിന്റെ കൂടെയാണ് താമസം.

content highlights: A 14-year-old friend’s daughter was repeatedly molested in Delhi; Government official arrested

Latest Stories

We use cookies to give you the best possible experience. Learn more