മുംബൈ: ഇന്ത്യാ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ സമിതിയെ തീരുമാനിച്ചു. കണ്‍വീനറെ തീരുമാനിക്കാതെയാണ് കോര്‍ഡിനേഷന്‍ സമിതിയെ നിയമിച്ചത്. കഴിയുന്നയത്ര സീറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ മുംബൈയില്‍ നടക്കുന്ന യോഗം പ്രമേയം പാസാക്കി.
സി.പി.ഐ.എമ്മില്‍ നിന്നും ഗാന്ധി കുടുംബത്തില്‍ നിന്നും സമിതിയില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് സി.പി.ഐയുടെ ഡി. രാജയാണ് സമിതിയിലുള്ളത്. എന്‍.സി.പിയിലെ ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവ്.
കോണ്‍ഗ്രസില്‍ നിന്ന് കെ.സി. വേണുഗോപാലും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സമിതിയിലുണ്ട്.
സമിതി അംഗങ്ങള്‍
ശരദ് പവാര്‍(എന്‍.സി.പി), കെ.സി. വേണുഗോപാല്‍(കോണ്‍ഗ്രസ്), തേജസ്വി യാദവ് (ആര്‍.ജെ.ഡി), സഞ്ജയ് റാവത്ത്(ശിവസേന- യു.ബി.ടി), ലാലന്‍ സിങ്(ജെ.ഡി.യു),
അഭിഷേക് ബാനര്‍ജി(ടി.എം.സി), രാഘവ് ചദ്ദ(എ.എ.പി), ഹേമന്ത് സോറന്‍ (ജെ.എം.എം), മെഹബൂബ മുഫ്തി(പി.ഡി.പി), ഒമര്‍ അബ്ദുള്ള (എന്‍.സി), എം.കെ. സ്റ്റാലിന്‍(ഡി.എം.കെ), ഡി .രാജ(സി.പി.ഐ), ജാവേദ് അലി ഖാന്‍(എസ്.പി).
പൊതുവായി പ്രതിഷേധ പരിപാടികള്‍ നടത്താനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചുപോകാനും യോഗത്തില്‍ തീരുമാനമായി. പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന സൂചനക്കിടെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
‘വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര ഇടങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കിടല്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ഉടനടി ആരംഭിക്കും. പൊതുവായ പ്രശ്‌നങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യ മുന്നണി റാലികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
ഇന്ത്യാ മുന്നണി പാര്‍ട്ടികളുടെ ആശയവിനിമയങ്ങളെ ഏകോപിപ്പിക്കും. വിവിധ ഭാഷകളില്‍ ഇന്ത്യയെ യോജിപ്പിക്കും, ഇന്ത്യ വിജയിക്കും എന്നീ മുദ്രാവാക്യത്തില്‍ പ്രചാരണ പരിപാടികളും നടത്തും,’ ഇന്ത്യ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ ഔദ്യോഗിക യോഗമാണ് മുംബൈയില്‍ നടക്കുന്നത്. 28 പാര്‍ട്ടികളില്‍ നിന്ന് 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും യോഗത്തിനെത്തി.
Content Highlights: A 13-member committee was decided to coordinate the India front