ന്യൂയോര്‍ക്ക്: നീന്തലിലെ ലോകറെക്കോര്‍ഡിന് ഉടമ മൈക്കല്‍ ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ക്ലാര്‍ക്ക് കെന്റ് എന്ന പത്തു വയസുകാരന്‍. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ഫെല്‍പിസിന്റെ 1:10:48 റെക്കോര്‍ഡ് സമയമാണ് കെന്റ് തകര്‍ത്തത്. 1:09:38 ആണ് കെന്റിന്റെ സമയം.
കാലിഫോര്‍ണിയയില്‍ ഞായറാഴ്ച നടന്ന ഫാര്‍ വെസ്റ്റേണ്‍ ലോങ് ചാമ്പ്യന്‍ഷിപ്പിലാണ് ഫിലിപ്പിനോ-അമേരിക്കനായ ബാലന്‍ റെക്കോര്‍ഡ് ഇട്ടത്. 1995ലെ ഫാര്‍ വെസ്റ്റേണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തോ അതിന് താഴെയുള്ളവരുടേയോ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ മത്സരത്തിലാണ് ഫെല്‍പ്‌സ് റെക്കോര്‍ഡിട്ടത്.
ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഏഴിനങ്ങളിലും സ്വര്‍ണ്ണവുമായാണ് അഞ്ചാം ക്ലാസുകാരനായ ക്ലാര്‍ക്ക് മടങ്ങിയത്.
മൂന്നു വയസ് മുതല്‍ നീന്തല്‍ ആരംഭിച്ചിരുന്നുവെന്നും ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നത് സ്വപ്‌നമായിരുന്നുവെന്നും ക്ലാര്‍ക്ക് കെന്റ് പറഞ്ഞു. ഫെല്‍പ്‌സിനെ പോലെ ഒളിംപിക്‌സില്‍ പങ്കെടുക്കാനാണ് ആഗ്രഹമെന്നും കെന്റ് പറയുന്നു.
15ാം വയസിലാണ് മൈക്കല്‍ ഫെല്‍പ്‌സ് ഒളിംപിക്‌സിനെത്തുന്നത്. പിന്നീട് 28 മെഡലുകളുമായാണ് അദ്ദേഹം കരിയറവസാനിപ്പിച്ചത്.