| Tuesday, 21st November 2023, 6:27 pm

ഇന്ത്യയുടെ കളി കാണാന്‍ മുന്‍ നായകന്മാരെത്തിയില്ല; രോഷകുലരായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വിശിഷ്ട വ്യക്തികളും നിരവധി സെലിബ്രിറ്റികളും ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഫൈനലിലെ മുന്‍ ക്യാപ്റ്റന്‍മാരായ കപില്‍ദേവിന്റെയും ധോണിയുടെയും അസാന്നിധ്യമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.

ഇതുവരെ ലോകകപ്പ് നേടിയ എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാരെ ഫൈനലിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കളികാണാന്‍ ധോണിയും കപില്‍ ദേവും എത്തിയിരുന്നില്ല.

ഉത്തരാഖണ്ഡിലെ തന്റെ ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ധോണി. ലോകകപ്പിന് ധോണി എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഐ.സി.സി ഏകദിന ലോകകപ്പിന് എത്താത്തതിന്റെ കാരണം വിശദീകരിച്ച് കപില്‍ ദേവ് രംഗത്തെത്തിയിരുന്നു . 2023 ലോകകപ്പ് ഫൈനലിലേക്ക് ബി.സി.സി.ഐ തന്നെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘നിങ്ങളെന്നെ ക്ഷണിച്ചു അതുകൊണ്ട് ഞാന്‍ വന്നു. അവര്‍ (ബി.സി.സി.ഐ) എന്നെ ക്ഷണിച്ചിരുന്നില്ല, ഇക്കാരണത്താല്‍ ഞാന്‍ പോയില്ല. അത്രയേ ഉള്ളൂ.193 ലോകകപ്പിലെ എന്റെ ഫുള്‍ സ്‌ക്വാഡും അവിടെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പല ഉത്തരവാദിത്തങ്ങളും ഉണ്ട്. ചിലപ്പോള്‍ ആളുകള്‍ മറന്നു പോകുന്നത് സാധാരണമാണ്, ‘ എ.ബി.പി ന്യൂസിനോട് കപില്‍ ദേവ് പറഞ്ഞു.

1983ല്‍ ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് നേടി തന്നത് കപിലും സംഘവുമായിരുന്നു. 2007ല് ആദ്യ ടി ട്വന്റി ലോകകപ്പും പിന്നീട് 2011ല്‍ ഏകദിന ലോകകപ്പും ധോണി ഇന്ത്യയിലെത്തിച്ചു. ഇത്രയും വലിയ നേട്ടങ്ങള്‍ ഇന്ത്യക്കായി സമ്മാനിച്ച മുന്‍ ക്യാപ്റ്റന്മാരെ ക്ഷണിക്കാത്തതാണ് ആരാധകരെ നിരാശരാക്കിയത്.

നവംബര്‍ 19 ന് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് 43 ഓവറില്‍ മറികടന്ന് ഓസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരുന്നു.

content highlight : Controversies on Absence of Dhoni and Kapil Dev in 2023 world cup final

We use cookies to give you the best possible experience. Learn more