കോഴക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളതെന്നാണ് സലാം പറഞ്ഞത്. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല എന്ന് പി.എം.എ സലാം ആരോപിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി ഇതര ഗവണ്‍മെന്റുകളുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചതായും എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദാനം ലംഘിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
”തമിഴ്‌നാട് ഭരിക്കുന്ന സ്റ്റാലിന്‍ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട
മുഴുവന്‍ കേസുകളും പിന്‍വലിച്ചു. പശ്ചിമബംഗാളിലും അത് തന്നെയാണ് സംഭവിച്ചത്. ഒരു ആണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ വേണമെന്ന് സ്റ്റാലിന്‍ തീരുമാനിക്കുന്നു. ഒരു പെണ്ണാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ ഭരിക്കണമെന്ന് മമത ബാനര്‍ജി കാണിച്ചുതന്നു. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്,” പി.എം.എ സലാം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫ് സംവിധാനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകള്‍ നേടി യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കിട്ടാന്‍ മുന്നണി മാറണമെന്ന ആലോചന ലീഗനില്ലെന്നും യുഡിഎഫ് സംവിധാനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ അടിത്തറ ശക്തിപ്പെടുത്തണമെന്നും മുന്നണിയുമായി യോജിച്ച് പോകാന്‍ കഴിയുന്ന പാര്‍ട്ടികളുണ്ടെങ്കില്‍ അവരെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിനെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിനെ മാത്രം പഴി ചാരിയിട്ട് കാര്യമില്ലെന്നും ഘടകകക്ഷികളെല്ലാം തന്നെ അവരുടെ സംഘടന സംവിധാനം മെച്ചപ്പെടുത്തണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കിയേക്കുമെന്നുള്ള സൂചനകളും അദ്ദേഹത്തില്‍ നിന്നുണ്ടായി. നിലവില്‍ 31 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിത പോലുമില്ല.