ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതായാണ് വിവരം. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്.
മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്ന സൂചനയുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയേക്കും.
ഈമാസം 25ന് തീയറ്റര്‍ തുറക്കുമ്പോള്‍ 50 ശതമാനം സീറ്റില്‍ മാത്രമാണ് പ്രവേശന അനുമതി. തീയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഭം ഉണ്ടാകില്ല എന്ന് കണക്കാക്കിയാണ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത് എന്നാണ് വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് രണ്ട് തവണയായി മാറ്റിവെച്ച സിനിമയാണ് മരക്കാര്‍.
കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.