ഗോട്ടെന്ന് അക്ഷരം തെറ്റാതെ വിളിക്കാം; ഈ പ്രായത്തിലും ബാക്ക് ടു ബാക്ക് സെഞ്ച്വറി, വീണ്ടും പുതിയ റെക്കോര്‍ഡ്
Cricket news
ഗോട്ടെന്ന് അക്ഷരം തെറ്റാതെ വിളിക്കാം; ഈ പ്രായത്തിലും ബാക്ക് ടു ബാക്ക് സെഞ്ച്വറി, വീണ്ടും പുതിയ റെക്കോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st May 2023, 11:06 pm

 

ഐ.പി.എല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി സെഞ്ച്വറി നേടി നായകന്‍ വിരാട് കോഹ്‌ലി. ഗുജറാത്തിനെതിരെ ഓപ്പണറായി ഇറങ്ങി 60 പന്തിലാണ് താരം 100 കടന്നത്. 165.57 സ്‌ട്രൈക് റേറ്റില്‍ 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിലും ബെംഗളൂരു നായകന്‍ സെഞ്ച്വറിയടിച്ചിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 63 പന്തിലായിരുന്നു താരം സെഞ്ച്വറി തികച്ചിരുന്നത്. അവസാന മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളോടെ തുടക്കത്തില്‍ പിന്നിലായിരുന്ന മുപ്പത്തിനാലുകാരനായി കോഹ്‌ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ രണ്ടാമതാണ്.

ഐ.പി.എല്ലില്‍ ഏറ്റവും സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ കോഹ്‌ലി സ്വന്തമാക്കി. 14 ഇന്നിങ്സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ചുറികളുമടക്കം 634 റണ്‍സാണ് കോഹ്‌ലി ഈ സീസണില്‍ നേടിയത്.

ഐ.പി.എല്‍ 2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവും നിലവില്‍ വിരാട് കോഹ്‌ലിയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡും നിലവില്‍ കോഹ്‌ലിയുടെ പേരിലാണ്.

ബെംഗളൂരുവിനെതിരെ 198 റണ്‍സ് വിജയ ലക്ഷ്യവുമായി ഗുജറാത്ത് ബാറ്റിങ്ങ് ആരംഭിച്ചിട്ടുണ്ട്. മഴമൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി ആരംഭിച്ചിരുന്നത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ റണ്‍ റേറ്റ് കൂടി അനുകൂലമാകുമ്പോള്‍ ആര്‍.സി.ബിക്ക് പ്ലേ ഓഫ് കളിക്കാനാകും.

തോറ്റാല്‍ ബെംഗളൂരു പുറത്താവുകയും മുംബൈ പ്ലേ ഓഫിലെത്തുകയും ചെയ്തു. തൊട്ട് മുമ്പ് നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ വിജയിച്ചതോടെയാണ് മുംബൈയും പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്.