| Monday, 16th January 2017, 12:20 pm

99 രൂപയ്ക്ക് വിമാനയാത്ര: തകര്‍പ്പന്‍ ഓഫറുമായി എയര്‍ഏഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് നൂറ് രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് ഓഫര്‍. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്രചെയ്യാമെന്നാണ് എയര്‍ഏഷ്യയുടെ വാഗ്ദാനം.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത കമ്പനിയായി ഇതോടെ എയര്‍ ഏഷ്യ മാറി. ജനുവരി 16 മുതല്‍ ജനുവരി 22 വരെയാണ് ഈ ഓഫറിന് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം.


2017 മെയ് ഒന്ന് മുതല്‍ 2018 ഫെബ്രുവരി ആറ് വരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാവുന്നത്. ബെംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂദല്‍ഹി, പുനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക നിരക്ക്.

മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇന്ന് മുതല്‍ 22 വരെ ഈ ടിക്കറ്റ് നിരക്കില്‍ ബുക്ക് ചെയ്യാം. ജൂലായ് 31 വരെയാണ് പറക്കാനുള്ള സമയം.

രാജ്യത്തെ വ്യോമയാന മേഖലയില്‍ കനത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ബജറ്റ് എയര്‍ലൈനുകളാണ് പ്രധാനമായും ഈ മത്സരരംഗത്തുള്ളത്. ഇതിന്റെ ഭാഗമായാണ് ഇത്രയും വലിയ ടിക്കറ്റ് ഇളവുമായി വിമാനക്കമ്പനികള്‍ എത്തുന്നതും.

Latest Stories

We use cookies to give you the best possible experience. Learn more