| Wednesday, 29th May 2019, 11:15 pm

'99 ശതമാനം മുസ്‌ലീങ്ങളും ചിന്തകള്‍കൊണ്ട് തീവ്രവാദികള്‍'; സല്‍മാന്‍ റുഷ്ദിയുടെ പേരില്‍ വ്യാജ പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘അവര്‍ പാക്കിസ്ഥാനിയോ ഇന്ത്യക്കാരനോ ആവാം, വിദ്യാഭ്യാസമുള്ളവനോ ഇല്ലാത്തവരോ ആവാം, ദരിദ്രനോ സമ്പന്നനോ ആവാം, എന്നിരുന്നാലും 99 ശതമാനം മുസ്‌ലീങ്ങളും ചിന്തകള്‍കൊണ്ട് തീവ്രവാദികളാണ്, സാഹോദര്യത്തിന്റെ മേലങ്കി അണിഞ്ഞാലും’- എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടേതെന്ന പേരില്‍ രാജ്യത്ത് പ്രചരിച്ച വ്യാജ ഉദ്ധരണിയാണിത്. റുഷ്ദിയുടെ ചിത്രത്തിനൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ഇത് ചൂടോടെ പ്രചരിച്ചത്.

എന്നാല്‍, ഈ പ്രചാരണങ്ങള്‍ക്കുപിന്നിലെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ട്വിറ്ററില്‍ ഈ ഉദ്ധരണി ആദ്യമായല്ല പ്രചരിക്കപ്പെടുന്നത്. 2015ല്‍ സല്‍മാന്‍ റുഷ്ദിതന്നെ ഇത് തന്റേതല്ലെന്ന് ട്വീറ്റ് ചെയ്യുകയും ശ്രദ്ധയില്‍ പെടുത്തിയ വ്യക്തിയോട് ഉറവിടം കണ്ടെത്തിക്കൊടുത്തതില്‍ നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഇതിന് ഇദ്ദേഹത്തിന്റെ പഴയ ട്വീറ്റുകള്‍ തന്നെ തെളിവുകളാണ്.

പക്ഷേ, ഫേസ്ബുക്കിലും ട്വിറ്ററിലും വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പട്ടുകൊണ്ടിരിക്കുകയാണ് ഇത്. യാഥാര്‍ത്ഥ്യം തുറന്നുകാട്ടി എഴുത്തുകാരന്‍ തന്നെ ട്വീറ്റ് ചെയ്തിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വാചകങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്ചിലര്‍.

ഇന്ത്യന്‍ വംശജനായ ലോകപ്രശ്‌സ്ത ബ്രിട്ടീഷ് എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങുന്ന ‘മിഡ്‌നൈറ്റ് ചില്‍ഡ്രന്‍’ ആണ് റുഷ്ദിയെ ലോക പ്രശസ്തനാക്കിയത്. ‘മിഡ്‌നൈറ്റ് ചില്‍ഡ്രന്‍’ പിന്നീട് ബുക്കര്‍ പ്രൈസ് നേടിയ പുസ്തകങ്ങളിലെ ഏറ്റവും മികച്ച നോവലായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ എണ്‍പതുകളുടെ അവസാനം പുറത്തുവന്ന റുഷ്ദിയുടെ ‘സാറ്റാനിക് വേഴ്‌സസ്’ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. പുസ്തകത്തില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് റുഷ്ദിയെ വധിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി ഫത്വ പുറപ്പെടുവിച്ചു. ജീവനുനേരെ ഉയര്‍ന്ന ഭീഷണികളെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സുരക്ഷയില്‍ രഹസ്യ ജീവിതം നയിക്കുകയാണ് ഇദ്ദേഹം. ഓരോ വര്‍ഷം പിന്നിടുംതോറും ഇറാന്‍ ആ ഫത്വ പുതുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം 2004-ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചു. എങ്കിലും റുഷ്ദിക്കുള്ള സുരക്ഷ പിന്‍വലിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more