ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം കോണ്‍ഗ്രസുകാര്‍ക്കും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞു. എ.ഐ.സി.സി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രക്രിയയില്‍ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം, ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അതിന് മുന്‍പ് അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത.
അതേസമയം ബീഹാറിലേയും രാജസ്ഥാനിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ വിമത നേതാക്കളുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ 19 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ചിലരുമായാണ് ചര്‍ച്ച നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദല്‍ഹിയിലെ സോണിയയുടെ വസതിയായ ജനപഥിലാണ് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിന്റെ അഭാവത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ചയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. വിമത നേതാക്കളും നേതൃത്വവും തമ്മില്‍ മധ്യസ്ഥനായത് കമല്‍നാഥാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അതേസമയം വിമതനേതാക്കളെ കാണാനല്ല സോണിയ യോഗം വിളിച്ചതെന്നും കൊവിഡ് കാലത്ത് വിര്‍ച്വലി മാത്രമായി യോഗം വിളിച്ചതിനാല്‍ നേതാക്കളുമായി നേരിട്ട് സംസാരിക്കാനാണ് സോണിയയുടെ നീക്കമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍, എം. വീരപ്പ മൊയ്‌ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്റ, രേണുക ചൗധരി, ജിതിന്‍ പ്രസാദ, മുകുള്‍ വാസ്നിക്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക