അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍.ബി.ഐ
Demonetisation
അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 2:39 pm

ന്യൂദല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് നോട്ട് നിരോധനത്തിലൂടെയുള്ള നീക്കമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. അസാധുവായ നോട്ടുകള്‍ ബാങ്കില്‍ എത്തിക്കാന്‍ ഇവര്‍ തയ്യാറാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.

നോട്ടു അസാധുവാക്കലിന് ശേഷം കാര്യമായ പണമിടപാടുകള്‍ നടന്നിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്് പറഞ്ഞിരുന്നു. മാത്രവുമല്ല ക്രയവിക്രയത്തിനുള്ള പണത്തിന്റെ അളവും കൂടി.

18 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ വിനിമയത്തില്‍ ഉള്ളത്. അതായത് 2 വര്‍ഷം കൊണ്ട്് 37 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകളാണ് ഇപ്പോള്‍ വിനിമയ രംഗത്തുള്ളതിന്റെ 80 ശതമാനമെന്നും റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിങ് സിസ്റ്റം ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പിന്‍വലിച്ച നോട്ടുകളുടെ അത്രയും തന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ്വ് ബാങ്ക് റി്്പ്പോര്‍ട്ടില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത്.