|

പ്ലസ് വണ്‍ അലോട്ട്മെന്റ്: 99.07% വിദ്യാര്‍ത്ഥികളും പ്രവേശനം നേടി; മൂന്നാം ഘട്ടത്തില്‍ മുന്നില്‍ മലപ്പുറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രവേശനം ലഭിച്ചത് 99.07% പേര്‍ക്ക്. ഇതോടെ ആകെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയവരുടെ എണ്ണം 2,99,309 ആയിട്ടുണ്ട്.

മൂന്നാംഘട്ട അലോട്ട്മെന്റില്‍ 80,694 പേര്‍ക്ക് കൂടി പ്രവേശനം ലഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രവേശനം നേടിയവര്‍ ഇന്ന് രാവിലെ 10 മുതല്‍ ജൂലൈ നാലിന് വൈകീട്ട് നാല് മണിക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടണം. ഇല്ലെങ്കില്‍ പ്രവേശന നടപടികളില്‍ പുറത്താകും.

മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ് (15,431 പേര്‍). മറ്റു ജില്ലകളിലെല്ലാം ഇതില്‍ പകുതിയില്‍ താഴെ സീറ്റുകളിലാണ് മൂന്നാംഘട്ട പ്രവേശനം നടന്നത്. മുഖ്യ അലോട്ട്മെന്റ് അവസാനിച്ചപ്പോഴും 2799 മെറിറ്റ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്.

മൂന്നാം അലോട്ട്മെന്റോടെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളും സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുണ്ട്. കമ്മ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശന നടപടി തുടരുകയാണ്. ഈ സീറ്റുകളില്‍ ഒഴിവ് വരുന്നവ രണ്ടാം സപ്ലിമെന്ററി ഘട്ടത്തില്‍ ജനറല്‍ മെറിറ്റ് സീറ്റുകളായി പ്രഖ്യാപിച്ച് അലോട്ട്മെന്റ് നടത്തും.

അപേക്ഷിച്ചിട്ട് ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കണം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവ് വിവരങ്ങളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും.

Content Highlights: 99.07%  student got seats in Plus one allotment  in kerala