| Wednesday, 29th May 2019, 12:40 pm

'പേജ് ലൈക്കിനും യൂട്യൂബ് കച്ചവടത്തിനുമായി ആശയങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്നവരുണ്ട്'; പ്രതിഭാ എംഎല്‍എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗകുമാര്യത, ശ്രേഷ്ഠത ഒക്കെ പലപ്പോഴും കൈവിട്ടു പോകുന്ന ഇടമായി സമൂഹമാധ്യമങ്ങള്‍ മാറാതിരിക്കാനും ശരിയായ ഭാഷ മറന്നു പോകുന്ന സമൂഹമായി കേരളത്തിലെ പുതിയ തലമുറയെ മാറാതിരിക്കാന്‍ നമ്മള്‍ക്ക് ഒത്തൊരുമിച്ച് ശ്രമിച്ചാലോ എന്ന് ചോദിച്ച് കായംകുളം എംഎല്‍എ പ്രതിഭ. ഫേസ്ബുക്കിലൂടെയാണ് പ്രതിഭ എംഎല്‍എയുടെ ചോദ്യം. ഈ ആശയം ഇപ്പോള്‍ പങ്കുവെക്കാനുള്ള കാരണവും പ്രതിഭ പറയുന്നു.

സോഷ്യൽ മീഡിയ നല്ല ഒരു ഇടം ആണ്. പല കാര്യങ്ങളും അറിയാനും അറിയിക്കാനും.. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയയിൽ ആശയങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നു എന്ന തരത്തിൽ ചിലരുണ്ട്. ചില ആശയങ്ങൾക്ക് വേണ്ടി ആണ് അവർ നിൽക്കുന്നത് തോന്നും ..രാവിലെ ഉച്ചക്കും വൈകുന്നേരവും രാഷ്ടീയ എതിരാളികളെ ചീത്ത പറഞ്ഞും മറ്റും കിടിലൻ ഡയലോഗ് ഇടും. സ്വാഭാവികമായും ഒരു വിഭാഗത്തിന്റെ കയ്യടിയും മറ്റൊരു വിഭാഗത്തിന്റെ കല്ലേറും കിട്ടും..പക്ഷേ എങ്കിലും അവർ സംതൃപ്തരാകുന്നു. കാരണം അവരുടെ ലക്ഷ്യം പബ്ലിസിറ്റി, അവരുടെ page likes ,Youtube കച്ചവടം ഇതൊക്കെയാണ്.ഇവരിലൂടെ കേരളത്തിന് കിട്ടിയ വാക്കുകൾ 1,വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു ,2,തള്ളി മറിച്ചു, 3,കണ്ടം വഴി ഓടിച്ചു, ഇനിയും ഉണ്ട് ഒട്ടേറെ ഇത്തരം വാക്കുകൾ.കൂടാതെ മറുപടികളിൽ നല്ല പച്ച തെറിയും. ഭാഷയുടെ ഉച്ചാരണം, സൗകുമാര്യത, ശ്രേഷ്ഠത ഒക്കെ പലപ്പോഴും കൈവിട്ടു പോകുന്ന ഇടമായി സമൂഹമാധ്യമങ്ങൾ മാറാതിരിക്കാനും ശരിയായ ഭാഷ മറന്നു പോകുന്ന സമൂഹമായി കേരളത്തിലെ പുതിയ തലമുറയെ മാറാതിരിക്കാൻ നമ്മൾക്ക് ഒത്തൊരുമിച്ച് ശ്രമിച്ചാലോ.ശരിയായ ആശയങ്ങളുടെ മനോഹരമായ വാദപ്രതിവാദങ്ങളുടെ ഇടമൊക്കെയായ് നമ്മുടെ ഭാഷയുടെ നന്മയും മേന്മയും നഷ്ടപ്പെടാത്ത ഇടമായി സമൂഹ മാധ്യമങ്ങളിലെ ഇടങ്ങളെ മാറ്റിയെടുക്കാം.” ശ്രീ നാരയണ ഗുരുദേവൻ പറഞ്ഞതുപോലെ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാകട്ടെ ഈ ഇടങ്ങൾ…

നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിനോട് ഫേസ്ബുക്കിലൂടെ തന്റെ വിയോജിപ്പ് അറിയിച്ചിരുന്നു പ്രതിഭ എംഎംഎ. കായംകുളത്തെ ആശുപത്രി വികസനവുമായി ബന്ധപ്പെട്ടാണ് പ്രതിഭ എംഎല്‍എ ഷൈലജ ടീച്ചറെ വിമര്‍ശിച്ചത്. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് കമന്റിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്.

We use cookies to give you the best possible experience. Learn more