സംസ്ഥാനത്ത് ഈ വര്‍ഷം സംഘപരിവാര്‍ നടത്തിയത് 33 ഹര്‍ത്താലുകള്‍: പ്രഖ്യാപിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്
Kerala News
സംസ്ഥാനത്ത് ഈ വര്‍ഷം സംഘപരിവാര്‍ നടത്തിയത് 33 ഹര്‍ത്താലുകള്‍: പ്രഖ്യാപിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 7:49 am

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും ഈ വര്‍ഷം മാത്രം നടത്തിയത് 97 ഹര്‍ത്താലുകള്‍. ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍. 33 ഹര്‍ത്താലുകളാണ് ഇവര്‍ നടത്തിയത്.

97 ഹര്‍ത്താലുകളാണ് ഈ വര്‍ഷം ഇതുവരെ നടത്തിയത്. ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് ഹര്‍ത്താലുകളാണ് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ഇതിനകം നടത്തിയത്. രണ്ട് പ്രാദേശിക ഹര്‍ത്താലുകള്‍ ഉള്‍പ്പെടെയാണിത്.

ബി.ജെ.പിക്ക് തൊട്ടു പിന്നിലായി യു.ഡി.എഫുമുണ്ട്. 27 ഹര്‍ത്താലുകളാണ് യു.ഡി.എഫ് ഈ വര്‍ഷം ഇതുവരെ നടത്തിയത്. 16 ഹര്‍ത്താലുകളാണ് ഭരണകക്ഷിയായ എല്‍.ഡി.എഫ് ഇതുവരെ നടത്തിയത്.

Also read:ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണ്; ഒടിയന്‍ വിജയിക്കുമെന്ന വിശ്വാസം ഇപ്പോഴുമുണ്ടെന്ന് വി.എ.ശ്രീകുമാര്‍ മേനോന്‍

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടന്ന ബന്ദ് ഉള്‍പ്പെടെയാണിത്. എ.കെ.ജിയെ അവഹേളിച്ച കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലാണ് 2018ലെ ആദ്യ ഹര്‍ത്താല്‍.

2017ല്‍ 120 ഹര്‍ത്താലുകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. ഇതില്‍ വലിയൊരു പങ്കും പ്രാദേശിക ഹര്‍ത്താലുകളായിരുന്നു.