96ാമത് ഓസ്‌കര്‍ അവാര്‍ഡിന്റെ അവസാനറൗണ്ട് നോമിനേഷന്‍ പുറത്തുവിട്ടു. ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലെപ്പോലെ ഓസ്‌കറിലും ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമറിനാണ്. മികച്ച ചിത്രം, നടന്‍, സഹനടന്‍, സഹനടി, സംവിധായകന്‍, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, എഡിറ്റിങ്, മേക്കപ്പ്, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, സൗണ്ട് എന്നീ വിഭാഗങ്ങളിലാണ് ഓപ്പന്‍ഹൈമറിന് നോമിനേഷന്‍ ലഭിച്ചത്.
ന്യൂക്ലിയര്‍ ബോംബിന്റെ പിതാവായ റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി വന്ന സിനിമയാണ് ഓപ്പന്‍ഹൈമര്‍. കിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലന്‍ട്, ഫ്‌ലോറന്‍സ് പ്യൂ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ് ഓപ്പന്‍ഹൈമര്‍.
യാര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത പുവര്‍ തിങ്‌സ് 11 നോമിനേഷനുമായി രണ്ടാം സ്ഥാനത്തുണ്ട്. എമ്മ സ്‌റ്റോണ്‍, മാര്‍ക് റുഫല്ലോ,വില്യം ഡാഫോ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 1992ല്‍ ഇതേ പേരിലിറങ്ങിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. വെറ്റെറന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണിന് 10 നോമിനേഷനും, ബാര്‍ബിക്ക് എട്ട് നോമിനേഷനും ലഭിച്ചു.
ഫ്രഞ്ച് ചിത്രം അനാട്ടമി ഓഫ് ഫാളിന് മികച്ച ചിത്രത്തിനടക്കം അഞ്ച് വിഭാഗങ്ങളില്‍ നോമിനേഷന്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഷ്യന്‍ സാന്നിധ്യം ഇത്തവണ കുറവാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തില്‍ ജാപ്പനീസ് ചിത്രം പാസ്റ്റ് ഡേയ്‌സും, വിഷ്വല്‍ ഇഫക്ട്‌സിന് ഗോഡ്‌സില്ല മൈനസ് വണ്‍ എന്നിവയാണ് പ്രധാന ഏഷ്യന്‍ സാന്നിധ്യം. കാനഡയിലെ ഇന്ത്യന്‍ വംശജയായ നിഷ പാഹുജ സംവിധാനം ചെയ്ത ടു കില്‍ എ ടൈഗര്‍ എന്ന ഡോക്യുമെന്ററിയും അവസാന റൗണ്ട് നോമിനേഷനിലുണ്ട്. മാര്‍ച്ച് 10നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
Content Highlight: 96th Academy Award final nominations announced