| Tuesday, 4th June 2024, 8:28 am

പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുക; ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥനയുമായി യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ:പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരണമെങ്കില്‍ ഫലസ്തീന്‍ രാജ്യത്തെ എല്ലാ ലോകരാജ്യങ്ങളും അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെയാണ് യു.എന്നിന്റെ പ്രഖ്യാപനം.

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന് യു.എന്‍ എല്ലാ ലോക രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടത്തിന്‍റെ സുപ്രധാന ചുവടുവെപ്പായിരിക്കും സ്വതന്ത്ര രാഷ്ട്രമായി അംഗീകാരം നല്‍കുക എന്ന് യു.എന്‍ അംഗങ്ങള്‍ പറഞ്ഞു.

യു.എന്നില്‍ അംഗമായ 146 രാജ്യങ്ങളുടെ മാതൃക എല്ലാ രാജ്യങ്ങളും പിന്തുടരണമെന്നും ഫലസ്തീനെ ഉടന്‍ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും മറ്റ് രാജ്യങ്ങളുടെ മേല്‍ എല്ലാവരും സമ്മര്‍ദം ചെലുത്തണമെന്നും യു.എന്‍ അഭ്യര്‍ത്ഥിച്ചു.

‘ഈ അംഗീകാരം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമുള്ള അംഗീകാരമായിരിക്കും. ഫലസ്തീനെ ഉടന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചാല്‍ ഗസയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കാനാകും,’ യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള ഏക മാര്‍ഗം ഫലസ്തീന്‍ രാഷട്രമായി അംഗീകാരം നല്‍കുക മാത്രമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യു.എന്നിന്റെ പ്രസ്താവനയോട് ഇസസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെയാണ് സ്‌പെയിന്‍, നോര്‍വെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. തങ്ങളുടെ നിലപാട് മറ്റ് രാജ്യങ്ങളെയും സ്വാധീനിക്കുമെന്ന് ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് കൊണ്ട് മൂന്ന് രാജ്യങ്ങളും പ്രതികരിച്ചിരുന്നു.

Content Highlight: UN experts urge all States to recognise State of Palestine – OHCHR

We use cookies to give you the best possible experience. Learn more