| Sunday, 7th October 2018, 11:51 am

ഇതിനുമപ്പുറം ' പ്രണയം ' കാണിക്കാന്‍ ഇനി സാധിക്കില്ല; '96 ഒരു സിനിമയല്ല... കവിതയാണ് പറഞ്ഞറിയിക്കാനാവാത്ത, അനുഭവിച്ചറിയേണ്ട കവിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരികൃഷ്ണന്‍

ഇതൊരു റിവ്യൂ ആയി കണക്കാക്കേണ്ട… മനസ്സില്‍ വന്നത് എല്ലാം എങ്ങനെയൊക്കെയോ എഴുതിച്ചേര്‍ത്തിട്ടുണ്ട്…. അതില്‍ ചെറിയ ചെറിയ സ്‌പോയിലറും ഉണ്ട് ..

” പ്രണയം ” മനസ്സിനെ ഇത്രക്കു ഇമോഷണല്‍ ആക്കുന്ന മറ്റൊരു വികാരം ഇല്ല.. അത് എന്തിനോടും ആകാം എങ്ങനെയുമാകാം എപ്പോള്‍ വേണമെങ്കിലും ആകാം…
സ്‌കൂള്‍ ലൈഫ് പ്രണയം.. വിരഹം.. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കണ്ടുമുട്ടല്‍.. ഇതൊക്കെ നമ്മള്‍ ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ളതാണ്…
എന്നാല്‍ ഇതില്‍ കഥാപാത്രങ്ങള്‍….പാട്ടുകള്‍…. അതിലെ അര്‍ത്ഥവത്തായ വരികള്‍….. ഇവയെല്ലാം നമ്മെ ഒരു വീര്‍പ്പുമുട്ടലില്‍കൊണ്ടെത്തിച്ച് അവസാനം ഒരു വലിയ നീറ്റല്‍ തന്ന് ഇറക്കി വിടും….

പ്രണയത്തിനു സംവദിക്കാന്‍ ഭാഷകള്‍ ആവശ്യമില്ല.. ഒരു നോട്ടം,ഒരു ചിരി ധാരാളം…
R.രാമചന്ദ്രന്‍ എന്ന റാമിനും അങ്ങനെ തന്നെ ആയിരുന്നു.. അവനു ആദ്യമായും അവസാനമായും തോന്നിയ ഒരേ ഒരു ഇഷ്ടം.. S.ജാനകി എന്ന ” ജാനു “വിനോട്. അവള്‍ ചിരിച്ചുകൊണ്ട് പറയാതെ പറഞ്ഞ അവളുടെ പ്രണയം അവനു എന്നന്നേക്കുമായി സൂക്ഷിക്കാനുള്ള ഓര്‍മകളുടെ പെട്ടി ആയിരുന്നു അതിന്റെ താക്കോല്‍ ആകട്ടെ അവളുടെ കയ്യിലും…..
എത്ര മനോഹരമായിട്ടാണ് പ്രേംകുമാര്‍ താങ്കള്‍ ഓരോ സീനുകളും ചെയ്തു വെച്ചിരിക്കുന്നത്….

അത് പോലെ അവളുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒരു പാട്ട് അവള്‍ പാടാതെ ഒഴിഞ്ഞു മാറുകയും,അവസാനം അവളത് പാടുന്ന സമയം റാമിന്റെ പരിഭ്രമവും ആകാംക്ഷയും ഒക്കെ കാണുമ്പോള്‍ നമുക്കുള്ളില്‍ നാം അറിയാതെ ഒരു നൊമ്പരം ഉണ്ടാകും സന്തോഷം കലര്‍ന്ന ഒരു നൊമ്പരം…

ഇതിനൊക്കെ പുറമെ വെറും സംഭാഷണങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമ എങ്ങനെ ഇമോഷണലി കണക്റ്റ് ആക്കാം എന്നതിന്റെ പച്ചയായ ഉദാഹരണം ആണ് എല്ലാ വരികളും നമ്മെ വികാരഭരിതര്‍ ആക്കുന്ന സെക്കന്‍ഡ് ഹാഫില്‍ റാമും ജാനുവും സംസാരിക്കുന്ന സീന്‍.

ഒരു സിനിമയില്‍ സ്‌കോര്‍ ചെയ്യുന്നത് എപ്പോഴും നായിക നായകന്‍മാര്‍ ആയിരിക്കും എന്നാല്‍ ഇതില്‍ ഒരുപടി എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്
ആദിത്യ ഭാസ്‌കര്‍, ഗൗരി കിഷന്‍ എന്നിവര്‍ അവതരിപ്പിച്ച സ്‌കൂള്‍ ലൈഫ് സീനുകള്‍ ആണ്…. എങ്ങനെയാണു ഇത്ര ഭംഗിയായി ക്യാമറക്കു മുന്നില്‍ അഭിനയിക്കുന്നത്….. തീരരുതേ എന്ന് അത്രക്ക് ആഗ്രഹിച്ചു പോകും….. ഓരോ ചെറിയ നോട്ടം പോലും അത്രമേല്‍ ഗംഭീരം ആയിരുന്നു…. കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടട്ടെ…..

കൂടുതല്‍ ഇഷ്ടപ്പെട്ടത് വിജയ് സേതുപതിയുടെ കഥാപാത്രം മോള്‍ഡ് ചെയ്തിരിക്കുന്ന രീതിയാണ്… റാം എന്ന കഥാപാത്രം എന്തൊക്കെ പറയാന്‍ ആഗ്രഹിച്ചുവോ അതെല്ലാം നിര്‍വികാരമായ നോട്ടത്തിലൂടെയും, അവളെ കാണുമ്പോഴുള്ള പെരുമാറ്റത്തിലൂടെയും, അവന്റെ നടത്തം, സംസാരം, പുറത്തുള്ളവരോടുള്ള പെരുമാറ്റം, സുഹൃത്തുക്കളോട് ഉള്ള പെരുമാറ്റം, എന്നിങ്ങനെ മനോഹരമായി എഴുതി വെച്ചതെല്ലാം അതിമനോഹരമായിതന്നെ സ്‌ക്രീനില്‍ കാണിച്ചുതന്നു എന്നുള്ളിടത്താണ് കൈയടി….

വിജയ് സേതുപതി… നിങ്ങളെ ആദ്യമായി ഒരു കഥാപാത്രമായി സ്‌ക്രീനില്‍ കണ്ടു… മുഖത്തു വിരിയുന്ന നാണം ആകട്ടെ, പ്രണയം ആകട്ടെ എല്ലാം കാണുന്നവര്‍ക്ക് ഒരു നൊമ്പരമായത് അത്ര മികവോടെ താങ്കള്‍ ചെയ്തതുകൊണ്ടാണ്.. താങ്കള്‍ ഒരിക്കലും സിനിമയെ തേടി നടന്നതല്ല… താങ്കളെ സിനിമക്ക് വേണമായിരുന്നു… സമയം ആയപ്പോള്‍ അതിങ്ങു വന്നു… അത്രയേ ഉള്ളു….
ഒരു ബ്രാന്‍ഡ് ആകുന്നതിന്റെ കൂടെ ഇങ്ങനത്തെ സിനിമകള്‍ ചെയ്യുമ്പോള്‍ താങ്കള്‍ ഒരു കലാകാരന്‍ എന്ന പദത്തിനു കറക്റ്റ് ആകുന്നു….പടത്തില്‍ പറയുന്നത് പോലെ
” ആമ്പള നാട്ടുക്കട്ടൈ ഡാ നീ ”

തൃഷ… അമ്പതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് കൊണ്ട് പെര്‍ഫോമന്‍സ് ഒരു അത്ഭുതമായി തോന്നിയില്ല എന്നാലും ജാനു എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഇമോഷനും കലര്‍ത്തി സ്‌ക്രീനില്‍ കാണിക്കുക എന്നത് ചെറിയ ഒരു കാര്യമല്ല.. ഇത്ര പക്വതയോടെ ആ കഥാപാത്രം ചെയ്തപ്പോള്‍ മനസ്സ് നിറയാന്‍ കാരണം അത് നിങ്ങള്‍ ചെയ്തത് കൊണ്ട് ആകണം…. ഗ്ലാമര്‍ റോളുകളില്‍ നിന്നും മാറി മൂല്യമുള്ള റോളുകള്‍ തിരഞ്ഞെടുത്താല്‍ തമിഴ് സിനിമയില്‍ എണ്ണം പറഞ്ഞ നടികളുടെ കൂടെ നിസ്സംശയം പറയാന്‍ സാധിക്കുന്ന ഒരാളായി മാറും.

ഛായഗ്രഹണം ആണെങ്കിലും കളറിംഗ് ആണെങ്കിലും ആര്‍ട് ആണെങ്കിലും കോസ്റ്റിയൂം ആണെങ്കിലും എല്ലാം കഥ ആവശ്യപ്പെടുന്നവ തന്നെയായി മാറിയപ്പോള്‍ അത് സ്‌ക്രീനില്‍ കാണുന്ന പ്രേക്ഷകന് നല്ലൊരു ഫീല്‍ ഗുഡ് സിനിമ നല്‍കണം എന്ന ഉദ്ദേശത്തെ വളരെ ഭംഗിയായി എല്ലാവരും നിര്‍വഹിച്ചിരിക്കുന്നു.

വലിയൊരു പോസിറ്റീവ് ആയി തോന്നിയത് പടത്തിന്റെ ക്ലൈമാക്‌സ് ആണ് എങ്ങനെ വേണമെങ്കിലും നിര്‍ത്താവുന്ന ക്ലൈമാക്‌സ്.. ഒരുപക്ഷെ വേറൊരു രീതിയില്‍ നിര്‍ത്തിയിരുന്നു എങ്കിലും പ്രേക്ഷകര്‍ അത് അംഗീകരിച്ചേനെ.. കാരണം അത് വരെ തന്ന ഇമോഷന്‍ അങ്ങനെ ആയിരുന്നു.. തന്റെ ഓര്‍മകള്‍ അടങ്ങിയ ബാഗ് റാം അടക്കുമ്പോള്‍ ഇവിടെ വളരെ അടക്കത്തോടെ സംവിധായകന്‍ കാണികളോട് പറയുകയാണ് ഇതാണ് എന്റെ കവിതയുടെ അവസാനം… ഇതിനു ചേര്‍ന്ന അവസാനം….
ഇതിനുമപ്പുറം ” പ്രണയം ” കാണിക്കാന്‍ ഇനി സാധിക്കില്ല…..

പ്രേംകുമാര്‍ നിങ്ങള്‍ തമിഴ് സിനിമക്കു ഒരു സ്വത്ത് ആണ്… ഉറപ്പ്….


പടത്തിന്റെ ഏറ്റവും വലിയ പോഷന്‍… സംഗീതം…
5 വര്‍ഷം മുന്‍പാണ് ഇദ്ദേഹം എന്റെ സുഹൃത്ത് ആകുന്നത്.. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ നവരസം പോലെ അത്ഭുതങ്ങള്‍ തന്നപ്പോഴും അറിയാമായിരുന്നു ഇങ്ങേരുടെ ലെവല്‍ ഇതിനുമപ്പുറം പോകുമെന്ന്…
വയലിന്‍ പോലെ മനുഷ്യന്റെ ഇമോഷന്‍ കണക്ട് ചെയ്യാന്‍ പറ്റുന്ന മറ്റൊരു ഉപകരണം ഇല്ല…
അത് കൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ അങ്ങേയറ്റം ആണ് ഇതിന്റെ സംഗീതം… അത് പോലെ തന്നെയാണ് തിരഞ്ഞെടുത്ത ഇളയരാജ പാട്ടുകള്‍ ഫില്‍ ചെയ്ത സിറ്റുവേഷന്‍സ്….

ഗോവിന്ദ് വസന്ത എന്ത് മനുഷ്യന്‍ ആണ് നിങ്ങള്‍… വരികളും സംഗീതവും ഒന്നായപ്പോള്‍ പെര്‍ഫെക്ട് പ്‌ളേസിങ്ങിലൂടെ നമ്മളെ ഒരു യാത്രയില്‍ കൊണ്ടുപോകുകയാണ് ഇദ്ദേഹം….
നന്ദി അത്ര മാത്രം….

ഒറ്റ വാക്കു കൂടി പറഞ്ഞുകൊണ്ട് നിര്‍ത്താം

” പറയാന്‍ വിട്ടുപോയൊരു വാക്ക്, ആ വാക്കില്‍ പ്രണയമുണ്ടായിരുന്നു, സൗഹൃദം ഉണ്ടായിരുന്നു, അതിനെല്ലാമുപരി ഒരു ജീവിതമുണ്ടായിരുന്നു

“96 ഒരു സിനിമയല്ല…. ഒരു കവിതയാണ് … പറഞ്ഞറിയിക്കാനാവാത്ത, അനുഭവിച്ചറിയേണ്ട കവിത.

Latest Stories

We use cookies to give you the best possible experience. Learn more