96 ശതമാനം ഫലസ്തീനികള്‍ ദാരിദ്ര്യത്തിലേക്ക്: യു.എന്‍ ഏജന്‍സി
World News
96 ശതമാനം ഫലസ്തീനികള്‍ ദാരിദ്ര്യത്തിലേക്ക്: യു.എന്‍ ഏജന്‍സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 3:57 pm

ബെയ്റൂട്ട്: ഗസക്കെതിരെയുള്ള ഇസ്രഈല്‍ ആക്രമണം 96 ശതമാനം ഫലസ്തീനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി യു.എന്‍ ഏജന്‍സിയായ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) റിപ്പോര്‍ട്ട്. 2017 – 2018 ലെ കണക്കനുസരിച്ച് 51 ശതമാനത്തിന്റെ വര്‍ധനവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2007 മുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഫലസ്തീനികള്‍ അനുഭവിക്കുന്നത് കൂട്ടായ ശിക്ഷയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഉപരോധം ആവശ്യ വസ്തുക്കള്‍ ഗസയിലേക്ക് എത്തിക്കാനും മറ്റും സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.

2000ലെ പ്രതിശീര്‍ഷ ജി.ഡി.പിയായ 1972 ഡോളറില്‍ നിന്ന് 2022ല്‍ 1256 ഡോളറായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയിലേക്കുള്ള മാനുഷിക ആവശ്യങ്ങള്‍ ലോക രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഇ.എസ്.സി.ഡബ്ല്യൂ.എ എക്‌സിക്യൂട്ടീവ് സെക്രട്ടറി റോള ദസ്തി പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുദ്ധാനന്തരഘട്ടത്തില്‍ ആക്രമം ആവര്‍ത്തിക്കാതിരിക്കുന്നതിനും മറ്റും നിര്‍ണായകമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് റോള ദസ്തി ആവശ്യപ്പെട്ടു.

ആരോഗ്യസംരക്ഷണം, വെള്ളം, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളിലെല്ലാം ഫലസ്തീനികള്‍ ദുരിതമനുഭവിക്കുന്നെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ആവര്‍ത്തിച്ചുള്ള സൈനിക വര്‍ധനവ് എന്‍ക്ലേവില്‍ വികസനം കുറക്കുന്നതിന് കാരണമാവുന്നുണ്ടെന്നും ഗസയിലേക്കുള്ള മാനുഷിക സഹായം എത്തുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010ല്‍ മാനുഷിക സഹായത്തേക്കാള്‍ ഗസയിലേക്കുള്ള വികസന സഹായം 5 മടങ്ങ് കൂടുതലാണെന്നും 2021ല്‍ ഈ അനുപാതം 1.5 ആയി ചുരുങ്ങിയതായും കണക്കുകള്‍ പറയുന്നു.

Content Highlight: 96 percentage Palestinians into poverty: U.N agency