| Tuesday, 10th October 2023, 4:45 pm

96 ന്റെ അതേ കഥ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്നു; കജോളായിരുന്നു നായിക: സന്തോഷ് ടി. കുരുവിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില സിനിമകള്‍ കാണുമ്പോള്‍ അതിലെ കഥ തങ്ങളുടെ മനസിലുള്ള കഥയുമായി സാമ്യം തോന്നുന്നതിനെ പറ്റിയും തങ്ങളുടെ കഥയാണെന്ന് പറഞ്ഞ് അവകാശവാദവുമായി എത്തുന്നവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. അത്തരത്തില്‍ ചില അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴിലിറങ്ങിയ 96 എന്ന സിനിമയുടെ അതേ കഥ എന്റെയടുത്ത് മലയാളത്തിലെ നടി അര്‍ച്ചന കവി നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ സിനിമ ഇറങ്ങുന്നതിന് ഒരു ഒന്നര വര്‍ഷം മുമ്പാണ് അവര്‍ 96 ന് സമാനമായ കഥ എന്നോട് പറഞ്ഞത്. ഒരേ സ്‌കൂലില്‍ പഠിച്ച രണ്ടു പേരുടെ പ്രണയകഥയായിരുന്നു അത്. പിന്നീട് അവര്‍ ലണ്ടനില്‍ പോവുന്നതൊക്കെയായിട്ടായിരുന്നു ആ പ്ലോട്ട്.

ഈ സിനിമ ഞങ്ങള്‍ ലണ്ടനില്‍ വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചത്. ലാലേട്ടനോട് പാലക്കാട് ഒടിയന്റെ സെറ്റില്‍ വച്ച് കഥയും പറഞ്ഞു. ബോളിവുഡിലെ നടി കാജോളിനെ നായികയാക്കാനും തീരുമാനിച്ചിരുന്നു. നല്ല കഥയായിരുന്നു. കജോളിന്റെ ഡേറ്റിന് വേണ്ടി ഞങ്ങള്‍ മുംബൈയില്‍ പോവുകയൊക്കെ ചെയ്തിരുന്നു. ഒടിയന്റെ തിരക്ക് കഴിയുന്നതോടെ അതിലേക്ക് കടക്കാമെന്നായിരുന്നു കരുതിയത്.

പിന്നെ ഒടിയന്റെ ഷൂട്ട് നീണ്ടുപോവുകയും അദ്ദേഹത്തിന് വേറെ തിരക്കുകള്‍ വരികയും ചെയ്തു. അതിനെക്കുറിച്ച് കാര്യമായി ആലോചിക്കാന്‍ സമയം കിട്ടാതെ വന്നു. എന്നാല്‍ ആ സിനിമ ഇറങ്ങിയപ്പോള്‍ ഇത് എന്റെ കഥയാണ് എന്ന പറഞ്ഞുകൊണ്ട് എനിക്കോ അര്‍ച്ചന കവിക്കോ നടക്കാന്‍ പറ്റുമോ?

മായാനദി ആദ്യം ഒരു വരി മാത്രമേയുണ്ടായിരുന്നുള്ളു. അതില്‍ നിന്നാണ് പിന്നീട് ശ്യാം പുഷ്‌കര്‍ അത് തിരക്കഥയുണ്ടാക്കിയത്. അന്നും സോഷ്യല്‍ മീഡിയയിലോക്കെ ഇത് തങ്ങളുടെ കഥയാണ് എന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. മഹേഷിന്റെ പ്രതികാരവും ആളുകള്‍ അവരുടെ കഥയാണ് എന്ന് വാദിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരം യഥാര്‍ത്ഥ സംഭവമാണ്. എല്ലാ സിനിമകള്‍ വരുമ്പോഴും ആളുകള്‍ പറയാറുണ്ട് അത് അവരുടെ കഥയാണ് എന്ന്. മനസ്സിന്റെ ഭാവന ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരു പോലെയാകും. അങ്ങനെ വരുമ്പോള്‍ ചില കഥകളോട് സാമ്യം തോന്നും എന്നത് യാദൃശ്ചികമാണ്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല’,സന്തോഷ് ടി കുരുവിള പറഞ്ഞു.

We use cookies to give you the best possible experience. Learn more