96 എന്ന ചിത്രത്തിലെ ജാനുവിന്റെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഗൗരി കിഷന്‍. ആദ്യ സിനിമ വിജയ് സേതുപതിക്കൊപ്പമായിരുന്നെങ്കില്‍ ഗൗരിയുടെ രണ്ടാമത്തെ ചിത്രം ദളപതി വിജയ്‌ക്കൊപ്പമായിരുന്നു. മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി കോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോള്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുകയാണ് ഗൗരി കിഷന്‍.
തമിഴിലാണ് അരങ്ങേറിയതെങ്കിലും മലയാളത്തില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ച് താനൊരു മലയാളി കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ നല്ല പ്രതികരണങ്ങള്‍ പല ഭാഗത്തുനിന്നും ലഭിച്ചെന്നും മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും ഗൗരി പറയുന്നു.
മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും വീട്ടില്‍ എത്തുന്നതുപോലെയൊരു അനുഭവമാണെന്നും പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന്റെ പുറത്തായിരുന്നെങ്കിലും മലയാളിയായിട്ടാണ് അച്ഛനും അമ്മയും തന്നെ വളര്‍ത്തിയതെന്നും ഗൗരി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാളി നടിമാര്‍ക്ക് തമിഴില്‍ നല്ല സ്വീകാര്യത ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായിട്ടും ഉണ്ടെന്നായിരുന്നു ഗൗരിയുടെ മറുപടി. ‘ അപര്‍ണചേച്ചി ചെയ്തപോലെ കുറച്ച് അധ്വാനിച്ച് ഭാഷ തന്മയത്വത്തോടെ പഠിച്ച് ഡബ്ബ് വരെ ചെയ്യാന്‍ തയ്യാറാകുമ്പോള്‍ നമ്മള്‍ അവരുടെ ഇടയില്‍ നിന്ന് ഒരു കാരണവശാലും മാറ്റി നിര്‍ത്തപ്പെടില്ല. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ നമുക്ക് മറികടക്കാനാവും. തമിഴ് ഇന്‍ഡസ്ട്രി ഞങ്ങളെപ്പോലെയുള്ളവരെ ക്ഷണിക്കുന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്,’ ഗൗരി പറയുന്നു.
തന്റെ അനുഭവത്തില്‍ അഭിനയത്തിന്റെ കാര്യത്തില്‍ മലയാളി നടിമാര്‍ അന്യഭാഷാ നടിമാരേക്കാള്‍ ഒരുപൊടിക്ക് മുന്നിലാണെന്നും ഗൗരി പറയുന്നു. നമ്മുടെ നടിമാര്‍ക്ക് സ്വാഭാവികമായി ഭാവങ്ങള്‍ വരുന്നതുപോലെ തോന്നിയിട്ടുണ്ട്. മറ്റു ഭാഷകളേക്കാള്‍ റിയലസ്റ്റിക് സിനിമകള്‍ എടുക്കുന്നതിന്റെ സ്വാധീനമായിരിക്കാം. നാടകീയതയേക്കാള്‍ സ്വാഭാവിക അഭിനയത്തിനാണ് നമ്മള്‍ ശ്രമിക്കുക. അത് മനോഹരമായ ഒരു കാര്യമാണ്. ഞാന്‍ തന്നെ ചില ഭാവങ്ങള്‍ കൈയില്‍ നിന്ന് പ്രയോഗിക്കുമ്പോള്‍ മറ്റ് ഭാഷകളിലെ സംവിധായകര്‍ പറയാറുണ്ട്, ഇത് മലയാളിയായതിന്റെ ഗുണമാണെന്ന്. അത് കേള്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമാണ്,’ ഗൗരി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക