'ഈ വർഷം മെസിയെക്കാൾ ഗോളുകൾ', 'ഞങ്ങടെ ക്ലബ്ബിന്റെ മുത്ത്' റൊണാൾഡോക്ക് ആശംസാ വർഷവുമായി സോഷ്യൽ മീഡിയ
football news
'ഈ വർഷം മെസിയെക്കാൾ ഗോളുകൾ', 'ഞങ്ങടെ ക്ലബ്ബിന്റെ മുത്ത്' റൊണാൾഡോക്ക് ആശംസാ വർഷവുമായി സോഷ്യൽ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th February 2023, 10:07 am

വ്യാഴാഴ്ച നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ വെഹ്ദക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾ സ്കോർ ചെയ്ത് അൽ നസർ വിജയം വരിച്ചിരുന്നു. മത്സരത്തിലെ നാല് ഗോളുകളും റൊണാൾഡോയുടെ ബൂട്ടിൽ നിന്നും തന്നെയാണ് പിറന്നത്.
മത്സരത്തിന്റെ 21,40,53 മിനിട്ടുകളിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ സെറ്റ് പീസിൽ നിന്നല്ലാതെയും അൽ വെഹ്ദയുടെ വല കുലുക്കി.

ഇതോടെ ലീഗ് മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ റൊണാൾഡോക്കായി.
പെലെ, പുസ്കസ്, ജോസഫ് ബിക്കൻ, റൊമാറിയോ മുതലായ ഇതിഹാസ താരങ്ങളുടെ റെക്കോർഡിനൊപ്പമാണ് നിലവിൽ റൊണാൾഡോ ഇടം പിടിച്ചിട്ടുള്ളത്.

ഇതോടെ താരത്തിന് വൻ തോതിലുള്ള ആശംസകളും അഭിനന്ദന പ്രവാഹവുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
റൊണാൾഡോയുടെ സമകാലികനും താരത്തിന്റെ എതിരാളി എന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്ന പ്ലെയറുമായ മെസിയുടെ 2023 കലണ്ടർ വർഷത്തെ ഗോളെണ്ണത്തെ റോണോ മറികടന്നു എന്നതാണ് റോണോ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തുന്നത്.

ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ ഈ വർഷം ഇതുവരെ മെസി സ്വന്തമാക്കിയപ്പോൾ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം.

കൂടാതെ പി.എസ്.ജിക്കെതിരെ റിയാദ് ഇലവന് വേണ്ടി നടന്ന മത്സരത്തിൽ രണ്ട് ഗോളുകളും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.
‘നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറാണ്’,

‘റൊണാൾഡോ തന്റെ വീക്ക്‌ ലെഗ്ഗിൽ നിന്നും മാത്രം ഇതുവരെ 152 ഗോളുകൾ നേടി, ചിലരുടെ കരിയറിൽ മൊത്തം ഇത്രയും ഗോളുകളില്ല’, മുതലായവയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ.

അതേസമയം മത്സരത്തിൽ വിജയിച്ചതോടെ പ്രൊ ലീഗിൽ നിലവിൽ 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്താണിപ്പോൾ അൽ നസർ. ഫെബ്രുവരി 17ന് ഇന്ത്യൻ സമയം 8:30ന് അൽ താവൂനെതിരെയാണ് അൽ അലാമിയുടെ അടുത്ത മത്സരം.

Content Highlights:social media congragulate ronaldo for the best perfomance against al wehda