| Tuesday, 2nd January 2024, 5:40 pm

മിക്കി മൗസിന്റെ 95 വര്‍ഷങ്ങള്‍; സ്റ്റീംബോട്ട് വില്ലിയിലെ മിക്കിയുടെയും മിന്നിയുടെയും കോപ്പിറൈറ്റ് നഷ്ടമായി ഡിസ്നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിക്കി മൗസ് പിറന്നിട്ട് 95 വര്‍ഷമായെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ചുവപ്പ് ഷോര്‍ട്സും, മഞ്ഞ ഷൂസും കയ്യില്‍ വെള്ള കയ്യുറയും ധരിച്ച ഒരു കുഞ്ഞ് എലി എങ്ങനെ ഈ ലോകം കീഴടക്കി?

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് മിക്കി മൗസ്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം എന്നതിനേക്കാള്‍ ഉപരിയായി മിക്കി മൗസിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒരു ചെറിയ കമ്പനിയെ പിന്നീട് ലോകം മുഴുവന്‍ അറിയപ്പെടുന്ന വലിയ ചലച്ചിത്ര നിര്‍മാണ കമ്പനിയാക്കി വളര്‍ത്താന്‍ പോലും ഈ മിക്കി മൗസിന് സാധിച്ചിട്ടുണ്ട്. അതാണ് വാള്‍ട്ട് ഡിസ്നി പിക്‌ചേഴ്‌സ്.

വാള്‍ട്ട് ഡിസ്നിയും യു.ബി ഐവര്‍ക്ക്സും ചേര്‍ന്നാണ് മിക്കി മൗസിനെ സൃഷ്ടിക്കുന്നത്. ഈ കുഞ്ഞനെലിയെ ആദ്യമായി കാണുന്നത് 1928 മെയ് 15ന് പ്ലെയിന്‍ ക്രേസി എന്ന ചെറിയ ഷോട്ടിലൂടെയാണ്.

പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വാള്‍ട്ട് ഡിസ്നി സ്റ്റീംബോട്ട് വില്ലിയെന്ന പേരില്‍ ഒരു അമേരിക്കന്‍ അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ന്യൂയോര്‍ക്കിലെ തിയേറ്ററിലായിരുന്നു സ്റ്റീംബോട്ട് വില്ലി ആദ്യം പ്രദര്‍ശനത്തിനെത്തിയത്.

അമേരിക്കന്‍ നടനും കൊമേഡിയനുമായ ബസ്റ്റര്‍ കീറ്റണിന്റെ അതേവര്‍ഷം തന്നെയിറങ്ങിയ സ്റ്റീംബോട്ട് ബില്‍ ജൂനിയര്‍ എന്ന കോമഡി ആക്ഷന്‍ സിനിമയുടെ പാരഡിയായിരുന്നു അത്. സ്റ്റീംബോട്ട് വില്ലിയില്‍ മിക്കി മൗസിനൊപ്പം മിന്നിയെന്ന കഥാപാത്രം കൂടെ കടന്നു വന്നു.

പിന്നാലെ മിക്കി മൗസിന്റെ വിതരണം ഏറ്റെടുക്കാന്‍ ഒരു ബിസിനസുക്കാരന്‍ കടന്ന് വന്നു. അതോടെ ആ കഥാപാത്രം മറ്റൊരു നിലയിലേക്ക് ഉയര്‍ന്നു. 1930ല്‍ കൊളംബിയ പിക്സ്ചേഴ്സ് എന്ന വലിയ വിതരണ കമ്പനി ഏറ്റെടുത്തതോടെയാണ് മിക്കി മൗസ് ലോകത്താകമാനം വിതരണം ചെയ്യപ്പെടുന്നത്.

പിന്നാലെ മിക്കിയെ തേടി നിരവധി അംഗികാരങ്ങളെത്തി. മിക്കി മൗസെന്ന ഒരു കാര്‍ട്ടൂണിലൂടെ വാള്‍ട്ട് ഡിസ്നിയുടെ തലവര തന്നെ മാറി. ‘ഡിസ്‌നി ബ്രദേഴ്‌സ് കാര്‍ട്ടൂണ്‍ സ്റ്റുഡിയോ’ എന്ന പേരിലായിരുന്നു വാള്‍ട്ട് ഡിസ്‌നിയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയും സഹോദരനുമായ റോയിയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്.

പിന്നീട് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ എന്നായി മാറി. 1929ല്‍ ഇത് വീണ്ടും വാള്‍ട്ട് ഡിസ്‌നി പ്രൊഡക്ഷന്‍സ് എന്ന പേരിലേക്ക് മാറി. ഇപ്പോള്‍ മിക്കി മൗസ് പിറന്നിട്ട് 95 വര്‍ഷമായി. ഇത്ര വര്‍ഷങ്ങളായി ഡിസ്നിക്കായിരുന്നു സ്റ്റീംബോട്ട് വില്ലിയിലെ മിക്കി മൗസിന്റെ കോപ്പിറൈറ്റ്.

എന്നാല്‍ 95 വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഡിസ്നിക്ക് ആ കോപ്പിറൈറ്റ് നഷ്ടമാകുകയാണ്. ഇനി മിക്കിയുടെയും മിന്നിയുടെയും ചിത്രങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആരാധകര്‍ ഏറെയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് മിക്കി മൗസ്.

Content Highlight: 95 Years of Mickey Mouse; Disney lost copyright of mickey and minni

Latest Stories

We use cookies to give you the best possible experience. Learn more