മുംബൈ: അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന കര്‍ഷക സമരത്തെ വിലകുറച്ചു കാണിക്കാനുള്ള ശ്രമവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഇത് കര്‍ഷകരുടെ സമരമല്ലെന്ന വാദവുമായാണ് ഫദ്‌നവിസ് രംഗത്തുവന്നിരിക്കുന്നത്.
“മുംബൈയിലെ ആസാദ് മൈതാനത്തില്‍ കാമ്പെയ്ന്‍ ചെയ്തിരിക്കുന്നവരില്‍ 95%വും ആദിവാസികളാണ്. ഇവര്‍ സാങ്കേതികമായി കര്‍ഷകരല്ല.” എന്നാണ് അദ്ദേഹം നിയമഭയില്‍ പറഞ്ഞത്.
നാസിക്കില്‍ നിന്നും സമരം തുടങ്ങുന്നതിനു മുമ്പു തന്നെ ജലവിഭവമന്ത്രി ഗിരിഷ് മഹാജന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ ഇവര്‍ സമരവുമായി മുന്നോട്ടുപോകുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിഷേധത്തെ ഇകഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
അതിനിടെ, മഹാരാഷ്ട്ര സര്‍ക്കാറില്‍സഖ്യകക്ഷികളെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കര്‍ഷക സമരം ന്യായമാണെന്ന് പറഞ്ഞ് ആര്‍.എസ്.എസും സര്‍ക്കാറിനെ തള്ളിപ്പറഞ്ഞിരുന്നു.
ഇതോടെ സമരക്കാരുമായി ചര്‍ച്ചയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പോസിറ്റീവായി ഇടപെടുമെന്ന് ഫദ്‌നവിസ് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ മന്ത്രി ചന്ദ്രകാന്ത് പട്ടേല്‍, കൃഷി മന്ത്രി പാണ്ഡുരംഗ് ഫുന്ദ്കര്‍, സഹകരണ വകുപ്പുമന്ത്രി സുഭാഷ് ദേശ്മുഖ്, ആദിവാസി കാര്യ മന്ത്രി വിഷ്ണു സവ്ര, ജലവിഭവമന്ത്രി ഗിരിഷ് മഹാജന്‍, പബ്ലിക് വര്‍ക്‌സ് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരാണ് കമ്മിറ്റിയിലുള്‍പ്പെട്ടത്.
ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിക്കുന്നത്.