ന്യൂദല്‍ഹി: രാജ്യത്ത് ബീഫ് വില്‍പ്പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണെന്ന് ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍.
യു.പി.യിലെ മഥുര ആര്‍.സി.കോളേജില്‍ “റാഡിക്കല്‍ ഇസ്ലാം” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലാണ് സച്ചാര്‍ ഇക്കാര്യം പറഞ്ഞത്.
പശുമാംസം കഴിച്ചുവെന്നാരോപിച്ച് ഒരാള്‍ രാജ്യത്ത് കൊല്ലപ്പെടുന്നത് വെറും മരണമല്ല, മനുഷ്യത്വത്തിന്റെ മരണമാണെന്ന് സച്ചാര്‍ അഭിപ്രായപ്പെട്ടു.
ഒരാളുടെ ഭക്ഷണക്രമവും മതവുമായി എന്ത് ബന്ധമാണുള്ളത്. ഞാന്‍ പോലും ബീഫ് കഴിക്കാറുണ്ട് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു.
രാജ്യത്തെ ജനപ്രതിനിധികളായ എം.പിമാരും എം.എല്‍.എമാരും വിവിധ ബീഫ് കയറ്റുമതി കമ്പനികളുടെ ഉടമസ്ഥരാണ്. പിന്നെ എന്തുകൊണ്ടാണ് സാധാരണക്കാര്‍ മാത്രം ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാകുന്നതെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.
Also read മേല്‍ജാതി സംസ്‌കാരമാണ് ബീഫ് നിരോധനത്തിലൂടെ ആര്‍.എസ്.എസ് അടിച്ചേല്‍പ്പിക്കുന്നത്: കാഞ്ച ഐലയ്യ
രാജ്യത്തെ ഒരു പ്രധാന ബീഫ് കയറ്റുമതി കമ്പനി ഉടമയായ ബി ജെ പിയുടെ സംഗീത് സോം എം.എല്‍.എയെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.
ഒട്ടേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിലായിരുന്നു രജീന്ദര്‍ സച്ചാറിന്റെ പ്രസംഗം.
എന്നാല്‍, ജസ്റ്റിസ് സച്ചാര്‍ ഹിന്ദുവിരുദ്ധ പ്രസ്താവനയുമായി സെമിനാര്‍ വിഷയത്തെ വഴിതെറ്റിച്ചുവെന്ന് ചിലര്‍ വിമര്‍ശമുന്നയിച്ചു. സച്ചാറിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് മഥുര കോളേജിലെ അധ്യാപകര്‍ ഉള്‍പ്പെടെ ചിലര്‍ സെമിനാറില്‍നിന്ന് ഇറങ്ങിപ്പോയി.
സച്ചാറിന്റെ പ്രസംഗം നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരാമര്‍ശത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തുവരികയും ജസ്റ്റിസ് സച്ചാറിന്റെ വീടിന് മുന്നിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.
Dont miss ഗോസംരക്ഷണഫാഷിസത്തിന്റെ ഇക്കാലത്ത് ഈ ഗ്രന്ഥങ്ങള്‍ പുരോഗമനകാരികള്‍ ഒന്ന് വിതരണം ചെയ്‌തെങ്കില്‍…
ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍. മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക സംവരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.