| Thursday, 18th April 2019, 7:35 am

തമിഴ്‌നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങള്‍, 95 മണ്ഡലങ്ങള്‍; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പും തുടങ്ങി.

കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജുവല്‍ ഓറം, സദാനന്ദ ഗൗഡ, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും ഡി.എം.കെയുടെ ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉള്‍പ്പെടെ 1596 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, രാജ് ബബ്ബാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ബി.ജെ.പിയുടെ ഹേമമാലിനി, നടി സുമലത, നടന്‍ പ്രകാശ് രാജ് എന്നിവരും ഇന്നു ജനവിധി തേടും.

ഇഞ്ചോടിഞ്ചുള്ള പരസ്യപ്രചരണം കണ്ട മേഖലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ടടുപ്പ് നടക്കുന്നവയില്‍ മിക്കതും. ഉത്തര-ദക്ഷിണ-കിഴക്കന്‍ ഇന്ത്യകള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ഘട്ടം.

We use cookies to give you the best possible experience. Learn more