| Wednesday, 24th January 2024, 4:15 pm

കേന്ദ്ര അന്വേഷണ ഏജൻസികൾ ഫയൽ ചെയ്ത 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെ: സുപ്രിയ സുലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസികൾ ഫയൽ ചെയ്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെയാണെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ.

പാർലമെന്റിൽ അവതരിപ്പിച്ച സർക്കാർ ഡാറ്റകളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച സുലെ സത്യത്തിനായിരിക്കും അന്തിമ വിജയമെന്നും പറഞ്ഞു.

മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ.ഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായ എം.എൽ.എ രോഹിത് പവാറിനെ അനുഗമിക്കുകയായിരുന്നു സുപ്രിയ സുലെ.

‘സത്യമേവ ജയതേ (സത്യം വിജയിക്കും). ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള സമയമാണ്. ഭാവിയിൽ വെല്ലുവിളികൾ ഉണ്ടാകും. പക്ഷേ ഞങ്ങൾ അതിനെയെല്ലാം തരണം ചെയ്യും. കഷ്ടപ്പെട്ടാലും ഞങ്ങൾ സത്യത്തിന്റെ പാതയിലൂടെ തന്നെ മുന്നോട്ടു പോകും. മഹാരാഷ്ട്രയുടെ അഭിമാനത്തിനു വേണ്ടിയാണ് ഈ പോരാട്ടം,’ സുലെ പറഞ്ഞു.

കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാനമുടനീളം രോഹിത് പവാർ സംഘർഷ യാത്ര നടത്തിയിരുന്നു എന്നും അതിന് ലഭിച്ച സ്വീകാര്യത കാരണമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് എന്നും സുലെ പറഞ്ഞു.

Content Highlight: 95% Cases Filed By Central Probe Agencies Are Against Opposition Leaders: Supriya Sule

We use cookies to give you the best possible experience. Learn more