ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. രാജ്ഗഡ് ജില്ലയിലെ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയാണ് കുറ്റവിമുക്തനായത്.
ജില്ലാ സെഷന്‍ കോടതിയാണ് ഷഫീഖ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുന്‍സിപ്പാലിറ്റി വീട് പൊളിച്ചുമാറ്റിയതിന്റെ വൈരാഗ്യത്തില്‍ യുവതി വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
യുവതിയും ഭര്‍ത്താവും നിയമവിരുദ്ധമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു ഷഫീഖിന്റെ പരാതി.
ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെയും പങ്കാളിയുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി പറഞ്ഞു. ഇതിനുപിന്നാലെയാണ് ഷഫീഖ് അന്‍സാരിയെ കോടതി വെറുതെ വിട്ടത്.
കേസിന്റെ വിചാരണക്കിടെ മുനിസിപ്പാലിറ്റിയുടെ ഉത്തരവ് പ്രകാരം ഷഫീഖിന്റെ വീടും അധികൃതര്‍ പൊളിച്ച് മാറ്റിയിരുന്നു. രണ്ട് കോടി രൂപയുടെ മൂല്യമുള്ള വീടാണ് മുന്‍സിപ്പാലിറ്റി തകര്‍ത്തത്.
നോട്ടീസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വീട് പൊളിച്ചതെന്ന് ഷഫീഖിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊളിക്കല്‍ നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഷഫീഖ് പറഞ്ഞു.
2021 ഫെബ്രുവരി നാലിന് മകന്റെ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ഷഫീഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ബലാത്സംഗം മെഡിക്കല്‍ പരിശോധനകളിലൂടെ തെളിയിക്കാനായിട്ടില്ലെന്ന് കോടതി പറഞ്ഞു.
പൊലീസില്‍ പരാതിപ്പെടുന്നതുവരെ ഷഫീഖ് തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിക്കാരിയുടെ വാദവും കോടതി തള്ളി. എഫ്.ഐ.ആറില്‍ ഇക്കാര്യം പറയുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഒരു മാസത്തിന് ശേഷം പരാതിപ്പെടാനുള്ള കാരണമെന്താണെന്നും ഭര്‍ത്താവിനോടും മക്കളോടും വിവരം ധരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നും കോടതി പറഞ്ഞു.
അതേസമയം മകന്റെ വിവാഹത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടക്കുന്നതിനാലാണ് വിഷയം ആരോടും പറയാതിരുന്നതെന്നാണ് യുവതിയുടെ ഭാഗം.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഷഫീഖ് 94 ദിവസം ജയിലില്‍ കിടന്നിരുന്നു. ഷഫീഖിന് സംരക്ഷണം നല്‍കിയെന്ന കാരണത്താല്‍ അന്‍സാരിയുടെ മകന്‍ മുഹമ്മദ് അഹ്സനിയും സഹോദരന്‍ അഖ്ബാല്‍ അന്‍സാരിയും അഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.
Content Highlight: 94 days in jail for abuse, house broken into; Finally, the court found him innocent