[]ചെന്നൈ: ഇന്ത്യയില്‍ ഒരു ദിവസം 93 സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്.
എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം 2012ല്‍ 24,923 പേരും 2013ല്‍ 33,707 പേരുമാണ് ബലാത്സംഗത്തിനിരയായത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് സ്ത്രീകളോടുള്ള ക്രൂരത കൂടുതലായുള്ള നഗരമെന്ന് കണക്കുകള്‍ പറയുന്നു. 2012ല്‍ 585 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷയ്ക്കായി നിര്‍ഭയ അടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടും 1,441 കേസുകളാണ് 2013ല്‍ രേഖപ്പെടുത്തിയിട്ടുളളത്.
തൊട്ടു പിന്നിലായുള്ള മുംബൈയില്‍ 391 കേസുകളും, ജയ്പൂരില്‍ 192 കേസുകളും പൂനൈയില്‍ 171 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനം തിരിച്ചുള്ള കണക്കുകളില്‍ മദ്ധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013ല്‍ 4,335 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്സ്ഥാനില്‍ 3285 കേസുകളും മഹാരാഷ്ട്രയില്‍ 3063 കേസുകളും ഉത്തര്‍പ്രദേശില്‍ 3050 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരകളുമായി അടുത്ത പരിചയമുള്ളവരാണ് ക്രൂരകൃത്യങ്ങള്‍ നടത്തുന്നവരില്‍ കൂടുതല്‍. എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 94% കേസുകളിലും പ്രതികളാവുന്നത് സ്വന്തം പിതാവ്, ബന്ധുക്കള്‍, അയല്‍ക്കാര്‍, അടുത്ത പരിചയക്കാര്‍ എന്നിവരാണ്.
രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 31,807 കേസുകളില്‍ 10782 കേസുകളില്‍ പ്രതികളായിട്ടുള്ളത് അയല്‍ക്കാരാണ്. 539 കേസുകളില്‍ സ്വന്തം പിതാവുമാണ് പ്രതിയായുള്ളത്.
ഇരകളില്‍ 15,556 പേര്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 14നും 18നും ഇടയില്‍ പ്രായമുള്ള 8,877 ഇരകളുമാണുള്ളത്.
രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകളും അന്വേഷണത്തിലെ മെല്ലെപ്പോക്കും കാരണം ഇത്തരം ക്രൂരതകള്‍ ഏറിവരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
കുടുംബം സമൂഹത്തില്‍ നേരിടുന്ന അപമാനം ഭയന്ന് ഇരകള്‍ പരാതിപ്പെടാന്‍ മടിക്കുന്നതിനാല്‍ രേഖപ്പെടുത്തിയ കണക്കുകളേക്കാള്‍ ഇരട്ടിയാവും ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ ദുരിതം.