ജര്‍മനിയില്‍ നാശംവിതച്ച് പ്രളയം; മരണം 81 കവിഞ്ഞു
World News
ജര്‍മനിയില്‍ നാശംവിതച്ച് പ്രളയം; മരണം 81 കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 4:31 pm

ബെര്‍ലിന്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം. അയല്‍ രാജ്യമായ ബെല്‍ജിയത്തിലും വെള്ളപ്പൊക്കം നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 93 ആയി ഉയര്‍ന്നിരിക്കുകയാണ്.

ജര്‍മനിയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മാത്രം 50 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെ 81 പേരാണ് ജര്‍മനിയില്‍ മാത്രം മരിച്ചത്. 21,000ലധികം ആളുകള്‍ വൈദ്യുതി ഇല്ലാതായി ഇരുട്ടിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെല്‍ജിയത്തില്‍ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അനേകംപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ മാത്രമേ ദുരന്തത്തിന്റെ മുഴുവന്‍ വ്യാപ്തി എത്രത്തോളമാണെന്നത് മനസ്സിലാകുവെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വ്യാഴാഴ്ച പറഞ്ഞു.

ലക്‌സംബര്‍ഗിനെയും നെതര്‍ലാന്‍ഡിനെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെങ്കിലും ജര്‍മനിയിലേത് പോലെ സ്ഥിതി ഗുരുതരമല്ല.

ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച സംസ്ഥാനങ്ങളായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, റൈന്‍ലാന്‍ഡ് പാലറ്റിനേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ ആളുകളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

നിര്‍ത്താതെ പെയ്യുന്ന മഴ കണക്കിലെടുത്ത് പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് മഴ തുടരുമെന്ന് കഴിഞ്ഞ ദിവസം ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  93 Dead, Hundreds Missing In Massive Floods In Germany, Belgium