ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതു സംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയാണ് വിവരം അറിയിച്ചത്.
ക്ഷണം സ്വീകരിച്ച വിവരം അറിയിച്ച് കൊണ്ട് രാഹുല്‍ ഗാന്ധിക്ക് തേജസ്വി സൂര്യ കത്തയക്കുകയും ചെയ്തു. അഭിനവ് പ്രകാശിന്റെ യോഗ്യതയെക്കുറിച്ചും കത്തില്‍ തേജസ്വി സൂര്യ വിശദീകരിച്ചു.
ബി.ജെ.പിയുടെ യുവജന വിഭാഗത്തിലെ പ്രമുഖ നേതാവ് എന്നതിന് പുറമെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും വക്താവ് കൂടെയാണ് അഭിനവ് പ്രകാശ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അസിസ്റ്റന്റ് പ്രൊഫസറുമാണ് അദ്ദഹമെന്നും തേജസ്വി സൂര്യ പറഞ്ഞു.
‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിങ്ങളുമായുള്ള സംവാദത്തിന് നിയോഗിക്കുകയാണ്. നിങ്ങളുടെ സമ്മതത്തിന് ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ തേജസ്വി സൂര്യ കത്തില്‍ പറഞ്ഞു.
മെയ് പത്തിന് വിരമിച്ച ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, അജിത് പി. ഷാ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം എന്നിവരാണ് പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു സംവാദത്തിന് ക്ഷണിച്ച് കത്തയച്ചത്. ക്ഷണം സ്വീകരിച്ചതായി ശനിയാഴ്ച രാഹുല്‍ ഗാന്ധി അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തേജസ്വി സൂര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആരാണ് രാഹുല്‍ ഗാന്ധിയെന്ന് തേജസ്വി സൂര്യ ചോദിച്ചു. അദ്ദേഹം ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല. പിന്നെ എന്തിനാണ് പ്രധാനമന്ത്രി അദ്ദേഹവുമായി സംവാദം നടത്തുന്നതെന്നും തേജസ്വി സൂര്യ ചോദിച്ചു.
എന്നാല്‍ സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുമായി സംവാദം നടത്താന്‍ ധൈര്യമില്ലന്നാണ് ജയറാം രമേശ് പ്രതികരിച്ചത്.
Content Highlight: bjp appoints yuva morcha vice president for dialogue with rahul gandhi