ഉക്രൈനില്‍ നിന്നടക്കം മെഡിസിന്‍ പൂര്‍ത്തിയാക്കിയവരില്‍ 90 ശതമാനവും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
national news
ഉക്രൈനില്‍ നിന്നടക്കം മെഡിസിന്‍ പൂര്‍ത്തിയാക്കിയവരില്‍ 90 ശതമാനവും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 7:47 am

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്ന 90 ശതമാനം വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.

എന്തിനാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് എന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദേശരാജ്യങ്ങളില്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ) പരീക്ഷ എഴുതുകയും ജയിക്കുകയും വേണം.

ഈ പരീക്ഷയില്‍ ജയിക്കാന്‍ വിദേശത്തു നിന്നും മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്നില്ലെന്നായിരുന്നു ജോഷി പറഞ്ഞത്.

മലയാളികളടക്കമുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

മെഡിസിന്‍ പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോവേണ്ട ആവശ്യമില്ലെന്നും ഇന്ത്യയില്‍ തന്നെ പഠിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുകുന്നതെന്നും അത് അവസാനിപ്പിക്കാനായി സ്വകാര്യകമ്പനികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരണമെന്നും മോദി പറഞ്ഞിരുന്നു.

‘നമ്മുടെ കുട്ടികള്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി ചെറിയ രാജ്യങ്ങളിലേക്ക് പോവുന്നുണ്ട്. മെഡിസിന്‍ പഠിക്കാനായാണ് ഇതില്‍ ഭൂരിഭാഗം പേരും പോവുന്നത്. അവിടെ ഭാഷ ഒരു പ്രധാന പ്രശ്നമാണ്. എന്നിട്ടും അവര്‍ വീണ്ടും അത്തരം രാജ്യങ്ങളിലേക്ക് തന്നെ പോവുകയാണ്.

നമ്മുടെ രാജ്യത്തെ സ്വകാര്യകമ്പനികള്‍ക്കും ഈ മേഖലയിലേക്ക് വലിയ തോതില്‍ കടന്നു വന്നുകൂടെ? സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുസംബന്ധിച്ച് നയങ്ങള്‍ രൂപീകരിക്കാവുന്നതല്ലേ,’ മോദി പറയുന്നു.

ഇന്ത്യയ്ക്ക് സാമ്പത്തികമായി ധാരാളം നേട്ടമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും, ഇന്ത്യയ്ക്ക് നിരവധി ഡോക്ടര്‍മാരെ ലഭിക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വേദേശിയും കാര്‍കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.

മരണപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

Content highlight: 90% Studying Medicine Abroad Fail To Clear Qualifiers In India: Minister Prahlad Joshi