| Thursday, 25th August 2022, 8:57 am

എ.പി.ജെ അബ്ദുല്‍ കലാമിനെ തിരുത്തിയെന്ന വാദം കളവ്, റോക്കെട്രിയില്‍ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്തത്; ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്മാരുടെ വാദങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ റോക്കെട്രി ദി നമ്പി ഇഫക്ടിനെതിരെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്.  ഐ.എസ്.ആര്‍.ഒയിലെ എല്ലാ കാര്യങ്ങളുടെയും പിതാവ് താനാണെന്ന നമ്പി നാരായണന്റെ അവകാശവാദങ്ങള്‍ ശുദ്ധഭോഷ്‌കും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്.

പില്‍ക്കാലത്ത് രാഷ്ട്രപതിയായ എ.പി.ജെ അബ്ദുല്‍ കലാമിനെ പോലും ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരിക്കെ തിരുത്തിയിട്ടുണ്ടെന്ന വാദം കളവാണ്. ഇന്ത്യയുടെ പ്രൊപ്പോല്‍ഷന്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എ.ഇ. മുത്തുനായകം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ സ്ഥാപക ഡയറക്ടറായിരിക്കെ അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്ത എഞ്ചിനീയറാണ് നമ്പി നാരായണന്‍. 1968ല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച നമ്പി ഏതാനും മാസങ്ങള്‍ മാത്രമാണ് അബ്ദുല്‍ കലാമിന്റെ കീഴില്‍ ജോലി ചെയ്തിട്ടുള്ളുവെന്ന് ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശാസ്ത്രജ്ഞന്മാരുടെ വാദങ്ങള്‍

1. വിക്രം സാരാഭായിയാണ് തന്നെ അമേരിക്കയില്‍ പ്രീസ്റ്റണ്‍ സര്‍വകലാശാലയില്‍ പി.ജിക്ക് പഠിക്കാന്‍ അയച്ചത് എന്ന നമ്പിയുടെ അവകാശവാദം തെറ്റ്. മുത്തുനായകമാണ് നമ്പിയെ പ്രീസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ തെരഞ്ഞെടുത്തത്. ബിരുദം മത്രമുള്ള നമ്പിയെ ടെക്‌നിക്കല്‍ അസിസ്റ്റന്റായാണ് നിയമിച്ചത്.

2 നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് കൊണ്ട് ക്രയോജനിക് ഉണ്ടാക്കാന്‍ വൈകിയെന്ന് പ്രചരിപ്പിക്കുന്നതും തെറ്റ്. ഇ.വി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തില്‍ 1980കളുടെ തുടക്കത്തിലാണ് ഐ.എസ്.ആര്‍.ഒ സ്വന്തമായി ക്രയോജെനിക് എഞ്ചിന്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. അന്ന് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. 1990ല്‍ തുടങ്ങിയ ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റ് പ്രോജക്റ്റിന്റെ പ്രോക്റ്റ് ഡയറക്ടറായിരുന്നു നമ്പി. 1994 നവംബറില്‍ അറസ്റ്റിലായതോടെ നമ്പി ക്രയോജനിക് പ്രോഗ്രാമില്‍ നിന്നും പുറത്താക്കി. അതിന് ശേഷം അദ്ദേഹത്തിന് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

3. നമ്പിയാണ് വികാസ് എഞ്ചിന്‍ വികസിപ്പിച്ചെടുത്തത് എന്ന് പ്രചരിപ്പിക്കുന്നതും തെറ്റ്. ഫ്രാന്‍സിന്റെ വൈക്കിങ് എഞ്ചിനാണ് വികാസായി വികസിപ്പിച്ചത്. ഫ്രാന്‍സിലേക്ക് പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി നാരായണന്‍. ടെക്‌നിക്കല്‍ വര്‍ക്കുകള്‍ മറ്റ് ചിലരാണ് ചെയ്തത്.

21000ത്തില്‍പ്പരം ആളുകള്‍ ജോലി ചെയ്യുന്ന മഹാസ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ എന്നും ഇസ്രോയ്ക്കുണ്ടായ എല്ലാ വിജയങ്ങളും ഒന്നോ രണ്ടോ വ്യക്തികളുടെ സൂപ്പര്‍ ഹ്യൂമന്‍ കഴിവുകൊണ്ടുണ്ടായതല്ലെന്നും ശാസ്ത്രജ്ഞന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുത്തുനായകം നമ്പിയെ വിളിച്ച് ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് എന്തിനാണ് എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ സാറിനെ നേരിട്ട് കണ്ട് വിശദീകരിക്കാം എന്നായിരുന്നു മറുപടി. റോക്കെട്രിയില്‍ പറയുന്നതില്‍ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. സ്‌കോട്ട്‌ലണ്ടില്‍ നിന്നും ഹൈഡ്രോളിക് പ്ലാന്റും ഉപകരണങ്ങളും നമ്പി നാരായണന്‍ വഴി ഇന്ത്യക്ക് കിട്ടിയെന്നും അദ്ദേഹം ക്രയോജെനിക് എഞ്ചിന്‍ താഷ്‌ക്കന്റെ -കറാച്ചി വഴി ഇന്ത്യയില്‍ കൊണ്ടുവന്നു എന്ന് കാണിക്കുന്നതും കള്ളമാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഇപ്പോഴത്തെ ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുത്തുനായകം വ്യക്തമാക്കുന്നു.

പത്മഭൂഷണ്‍ ലഭിച്ചതിനെ പറ്റി അന്വേഷിച്ചപ്പോള്‍ ദല്‍ഹിയിലുള്ള ചില ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി എന്ന് നമ്പി മുത്തുനായകത്തോട് പറഞ്ഞുവെന്നും ഇസ്രോയിലെ പ്രവര്‍ത്തനങ്ങള്‍ക്കല്ല നമ്പിക്ക് പത്മഭൂഷണ്‍ ലഭിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡോ. മുത്തുനായകം, ഡി. ശശികുമാര്‍, പ്രൊഫ. ഇ.വി.എസ് നമ്പൂതിരി, ശ്രീധര്‍ ദാസ്, ഡോ. ആദിമൂര്‍ത്തി, ഡോ മജീദ്, ജോര്‍ജ്ജ് കോശി, കൈലാസനാഥന്‍, ജയകുമാര്‍ എന്നിവരാണ് റോക്കെട്രി ദി നമ്പി ഇഫക്ടില്‍ ചിത്രീകരിച്ചിരിക്കുന്നത് തെറ്റാണെന്ന് ആരോപിച്ച് രംഗത്ത് വന്നത്.

നടന്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ജൂലൈ ഒന്നിനാണ് റിലീസ് ചെയ്തത്.

Content Highlight: 90% of what is said in rocketry is not true; Arguments of ISRO scientists

We use cookies to give you the best possible experience. Learn more