കള്ളപ്പണം തടയാനെന്ന പേരില്‍ സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നതിലും എത്രയോ അധികം തുകയാണ് ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നത് സര്‍ക്കാര്‍ പദ്ധതി പരാജയമാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുകയാണ്.
ന്യൂദല്‍ഹി: കള്ളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകളുടെ 90% ബാങ്കുകളില്‍ തിരിച്ചെത്തിയത് മോദിസര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാവുന്നു. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നവംബര്‍ എട്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോടെ അസാധുവായത്. ഇതില്‍ 14 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
കള്ളപ്പണം തടയാനെന്ന പേരില്‍ സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നതിലും എത്രയോ അധികം തുകയാണ് ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നത് സര്‍ക്കാര്‍ പദ്ധതി പരാജയമാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുകയാണ്. മൂന്നുലക്ഷം കോടി രൂപയോളം കള്ളപ്പണമാണെന്നും ഇത് ബാങ്കുകളില്‍ തിരിച്ചെത്തില്ല എന്നുമാണ് സര്‍ക്കാര്‍ പ്രതിഷേധിച്ചിരുന്നത്.
തങ്ങളുടെ പക്കലുള്ള കള്ളപ്പണം മാറ്റിയെടുക്കാന്‍ കള്ളപ്പണക്കാര്‍ മറ്റുവഴികള്‍ തേടിയെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അസാധുവായ നോട്ടുകളില്‍ 10ലക്ഷം കോടി മാത്രമേ തിരിച്ചെത്തൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞമാസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞത്. എന്നാല്‍ അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കെ വെറും 1.4ലക്ഷം കോടി നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താനുള്ളത്.
അസാധുവായ 15.4 ലക്ഷം കോടി നോട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 2.5ലക്ഷം കോടി നോട്ടുകളെങ്കിലും തിരിച്ചെത്തില്ല എന്നാണ് നോട്ടുനിരോധനത്തിനുശേഷം നടത്തിയ എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
കളളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന അവകാശവാദത്തോടെയാണ് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയത്. എന്നാല്‍ നോട്ടുനിരോധനം കൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് സാമ്പത്തിക വിദഗ്ധരടക്കം ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. ഈ നിരീക്ഷണം ശരിവെക്കുന്നതാണ് ബാങ്കിലെ കണക്കുകള്‍.