| Thursday, 14th November 2024, 6:08 pm

ഭരണഘടനയിൽ ഇനി 'മതനിരപേക്ഷത' വേണ്ട; ബംഗ്ലാദേശ്‌ അറ്റോർണി ജനറൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശ് ഭരണഘടനയിൽ നിന്നും മതനിരപേക്ഷത നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്‌ അറ്റോർണി ജനറൽ എം.ഡി അസദുസ്സമാൻ. ഭരണഘടനയുടെ 15-ാം ഭേദഗതിയുടെ നിയമസാധുതയെക്കുറിച്ച് ജസ്റ്റിസുമാരായ ഫറാ മഹ്ബൂബ്, ദേബാശിഷ് ​​റോയ് ചൗധരി എന്നിവർക്ക് മുമ്പാകെ നടത്തിയ വാദത്തിലാണ്‌ അറ്റോർണി ജനറൽ തന്റെ വാദം അവതരിപ്പിച്ചത്‌.

രാജ്യത്തെ ജനസംഖ്യയുടെ 90% മുസ്‌ലിങ്ങളായതിനാൽ ഭരണഘടനയിൽ നിന്ന്‌ മതനിരപേക്ഷത എന്ന വാക്ക് നീക്കം നീക്കം ചെയ്യണമെന്ന് അദ്ദേഹം നിർദേശിക്കുകയായിരുന്നു.

പുതിയ ഭരണഘടനാ ഭേദഗതികൾ ജനാധിപത്യത്തെ പ്രതിഫലിപ്പിക്കണമെന്നും സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അസദുസ്സമാൻ വാദിച്ചു. ‘ജനാധിപത്യത്തെ അട്ടിമറിക്കാൻ കഴിയുന്ന ആർട്ടിക്കിൾ ഏഴ്‌(എ), ഏഴ്‌(ബി) എന്നിവയെ ഞാൻ എതിർക്കുന്നു. ഇവ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. അവ നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്,’ അസദുസ്സമാൻ പറഞ്ഞു.

ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്‌ട്രപിതാവാക്കിയത് പോലുള്ള പല ഭേദഗതികളും രാജ്യത്തെ വിഭജിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അറ്റോർണി ജനറൽ ആരോപിച്ചു.

എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ തുല്യാവകാശവും തുല്യതയും ഭരണകൂടം ഉറപ്പാക്കണമെന്ന് ആർട്ടിക്കിൾ 2 എയിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ 9 ബംഗാളി ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു. ഇതുരണ്ടും പരസ്പര വിരുദ്ധമാണെന്നും ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.

15-ാം ഭേദഗതി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും അത് പിൻവലിക്കണമെന്നും അസദുസ്സമാൻ വാദിച്ചു. 2011-ൽ പാസാക്കിയ 15-ാം ഭേദഗതി ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവായി അംഗീകരിക്കുകയും കെയർടേക്കർ സർക്കാർ സംവിധാനം നിർത്തലാക്കുകയും പാർലമെൻ്റിൽ സ്ത്രീ സംവരണ സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു.

സാധാരണ പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ ഇടക്കാലത്തേക്ക് സംസ്ഥാന ഭരണം പരിപാലിക്കുന്ന ഒന്നാണ് കെയർടേക്കർ ഗവൺമെൻ്റ്.

Content Highlight: 90% of Bangladesh Muslim, remove ‘secular’ from Constitution: Top law officer

We use cookies to give you the best possible experience. Learn more